പൊറോട്ട നൽകാത്തതിന് ആക്രമിച്ച സംഭവം: രണ്ടാം പ്രതിയും പിടിയിൽ
കൊല്ലം: കിളികൊല്ലൂരിൽ പൊറോട്ട നൽകാത്തതിന് കടയുടമയെ മർദ്ദിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടാം പ്രതിയും പിടിയിൽ. കരിക്കോട് സീന മൻസിലിൽ മുഹമ്മദ് റാഫിയാണ് (22) അറസ്റ്റിലായത്. കഴിഞ്ഞ 11ന് രാത്രിയോടെ കിളികൊല്ലൂർ മങ്ങാട് കണ്ടച്ചിറ മുക്കിലെ സെന്റ് ആന്റണീസ് ടീ ഷോപ്പിലായിരുന്നു സംഭവം.
കട അടയ്ക്കുന്ന സമയത്ത് ബൈക്കിലെത്തിയ യുവാവ് പൊറോട്ട ചോദിച്ചു. ആഹാരം തീർന്നെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി. ഇയാൾ മറ്റൊരു യുവാവുമായെത്തി വീണ്ടും പൊറോട്ട ആവശ്യപ്പെട്ടു. നൽകാത്തതിനെ തുടർന്ന് കടയുടമയെ മർദ്ദിക്കുകയും തല അടിച്ചു പൊട്ടിക്കുകയുമായിരുന്നു. ഈ സമയം പൊലീസ് ജീപ്പ് കണ്ട് പ്രതികൾ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. തുടർന്ന് കിളികൊല്ലൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒളിവിൽ പോയിരുന്ന ഒന്നാം പ്രതി മാങ്ങാട് തടത്തിൽ കിഴക്കത്തിൽ നിഖിലേഷിനെയാണ് (27) ആദ്യം അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
കിളികൊല്ലൂർ എസ്.എച്ച്.ഒ ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വിനോദ് കുമാർ, അമൽ രാജ്, അനിൽകുമാർ, അമൽ പ്രസാദ്, സി.പി.ഒമാരായ വിപിൻ ആന്റോ, ശ്യാം ശേഖർ, അശോക് ചന്ദ്രൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.