തൃശൂരിനും കാസർഗോഡിനും വിജയം
Sunday 18 May 2025 5:17 AM IST
തിരുവനന്തപുരം : കെ.സി.എ എൻ.എസ്.കെ ട്വന്റി - 20 ചാമ്പ്യൻഷിപ്പിൽ തൃശൂരിന് തുടർച്ചയായ രണ്ടാം വിജയം. ഇടുക്കിയെ മൂന്ന് വിക്കറ്റിനാണ് തൃശൂർ തോല്പിച്ചത്. മറ്റൊരു മല്സരത്തിൽ കാസർഗോഡ് മലപ്പുറത്തെ ഏഴ് റൺസിന് പരാജയപ്പെടുത്തി.
മഴ മൂലം 13 ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ, മലപ്പുറത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത കാസർഗോഡ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 123 റൺസെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ മലപ്പുറം 13 ഓവറിൽ 116 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ക്യാപ്‌ടൻ ശ്രീഹരി എസ് നായരാണ് കാസർഗോഡ് ബൗളിംഗ് നിരയിൽ തിളങ്ങിയത്.
രണ്ടാം മത്സരത്തിൽ ഇടുക്കിയ്‌ക്കെതിരെ മൂന്ന് വിക്കറ്റിനായിരുന്നു തൃശൂരിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇടുക്കി 19.5 ഓവറിൽ 105 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂർ രണ്ട് ഓവർ ബാക്കി നില്‌ക്കെ ലക്ഷ്യത്തിലെത്തി.