അപകടം തടസമാക്കാതെ അബ്ദുൾ ഖാദർ

Sunday 18 May 2025 5:21 AM IST
തിരുവനന്തപുരം എൽ.എൻ.സി.പി.ഇ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ ഗ്രാന്‍റ് പ്രിക്സ്-2വിൽ പുരുഷ വിഭാഗം 100 മീറ്റർ മത്സരത്തിൽ പങ്കെടുത്ത തമിഴ്ന്നടിന്റെ ഷെയ്ഖ് അബ്ദുൾ ഖാദർ.

തിരുവനന്തപുരം: എൽ.എൻ.സി.പി.ഇയിലെ ട്രാക്കിൽ ഒറ്റക്കൈയുമായി 'ഒരുകൈ' നോക്കാനിറങ്ങിയ തമിഴ്നാടിന്റെ ഷെയ്‌ഖ് അ‌ബ്‌ദുൾ ഖാദറിന് 100 മീറ്ററിൽ വിജയിക്കാനായില്ലെങ്കിലും കാണികളുടെ മനസിൽ അവനായിരുന്നു ഒന്നാമൻ.

നന്നായി പൊരുതിയതിന് അഭിനന്ദനവുമായി എത്തിയവരുടെ പ്രധാന ചോദ്യം അയാളുടെ ഇടംകൈയെപ്പറ്റിയായിരുന്നു. ഒറ്റക്കൈയുമായി വെല്ലുവിളികളെ എങ്ങനെ തരണം ചെയ്യുന്നു എന്ന ചോദ്യത്തിന് വാഴ്ക എൺപത് അപ്പടി താൻ, നാമ തിരിമ്പി നോക്കാമെ ഓടിയിട്ടേ ഇരിക്കണം എന്നായിരുന്നു അബ്‌ദുളിന്റെ ഉത്തരം.

കായികതാരമാകണമെന്ന ആഗ്രഹത്തിൽ സ്‌കൂൾതലം മുതൽ പരിശീലനം നടത്തി ജില്ലാ സംസ്ഥാന തലങ്ങളിൽ മെഡലുകൾ നേടി മുന്നേറുമ്പോഴാണ് 2019ൽ ഒരു ഓട്ടോറിക്ഷ ഷെയ്ഖ് അബ്ദുൽ ഖാദറിന്റെ സ്വപ്നങ്ങങ്ങളെ ഇരുട്ടിലാക്കിയത്. ബൈക്കിൽ സഞ്ചരിച്ചിരുന്ന അബ്‌ദുൾ വീണത് ലോറിക്കടിയിൽ. ബോധം തെളിഞ്ഞപ്പോൾ ഡോക്ടർമാർ ചതഞ്ഞരഞ്ഞ ഇടം കൈ മുറിച്ചു മാറ്റണമെന്ന് നിർദ്ദേശിച്ചു. 2014ൽ ദേശീയ ഓപ്പൺ നാഷണൽസിൽ ജൂനിയർ വിഭാഗം 100മീറ്ററിൽ വെള്ളിയും 2016ൽ 100 മീറ്ററിൽ വെങ്കലവും റിലേയിൽ സ്വർണവും നേടി തിളങ്ങി നിന്നപ്പോഴാണ് ഈഅപകടം. ചെന്നൈയിലെ സാധാരണ കുടുംബത്തിലെ മൂന്നാൺമക്കളിൽ ഇളയവനിത് വലിയ തിരിച്ചടിയായിരുന്നു. തൊഴിൽരഹിതനായ വാപ്പയും സഹോദരങ്ങളാളും അബ്ദുളിന്റെ ചികിത്സക്കായി നെട്ടോട്ടമോടി.

അപകടത്തിൽ ആദ്യം പകച്ചെങ്കിലും അബ്‌ദുളിലെ സ്പോർട്സ്മാൻ തോൽവി സമ്മതിച്ചില്ല. തമിഴ്നാട് മുൻ കായികതാരം ഗുണശേഖരൻ തന്റെ ശിഷ്യനെ കൈവിടാനും തയ്യാറായില്ല. വീറോടെ അവൻ ഒറ്റക്കൈയുമായി പരിശീലനം തുടങ്ങി. ഗുരുവിന്റെ ദീർഘവീക്ഷണം തെറ്റിയില്ല. 2021ൽ ഒഡിഷയിൽ നടന്ന ദേശീയ പാര അത്‌ലറ്റിക് മീറ്റിൽ 100മീറ്ററിൽ സ്വർണം നേടി ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെണീറ്റു അബ്‌ദുൾ. മൊറോക്കോയിൽ നടന്ന വേൾഡ് ഗ്രാൻഡ് പാരാ പ്രിക്‌സിലും സ്വർണം നേടി. ജപ്പാനിൽ നടന്ന വേൾഡ് പാരാ ചാമ്പ്യൻഷിപ്പിൽ ലോ‌ംഗ് ജമ്പിലും നൂറു മീറ്ററിലും പങ്കെടുത്തു.സർക്കാർജോലിയെന്ന അ‌ബ്ദുളിന്റെ സ്വപ്നത്തിന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം എൽ.എൻ.സി.പി.ഇ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ ഗ്രാന്‍റ് പ്രിക്സ്-2വിൽ പുരുഷ വിഭാഗം 100 മീറ്റർ മത്സരത്തിൽ പങ്കെടുക്കുന്ന തമിഴ്ന്നടിന്റെ ഷെയ്ഖ് അബ്ദുൾ ഖാദർ.(ഇടത് )