ഇത്തരം ആപ്പുകൾ ഒരിക്കലും ഉപയോഗിക്കരുത്, ഫോണിൽ നിന്ന് സ്വകാര്യ വിവരങ്ങൾ ഉൾപ്പെടെ ചോർത്തും, തട്ടിപ്പിങ്ങനെ

Sunday 18 May 2025 7:31 PM IST

തിരുവനന്തപുരം : ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്. സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ലോൺ ആപ്പുകൾ വഴിയുള്ള തട്ടിപ്പിനെ കുറിച്ചാണ് പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എളുപ്പത്തിൽ ലോൺ ലഭിക്കുമെന്ന പേരിൽ ഒരുപാട് ആപ്പുകൾ ധാരാളം പേർ ഉപയോഗിക്കുകയും തട്ടിപ്പിൽ പെടുകയും ചെയ്യുന്നുണ്ട്. ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ തന്നെ ഫോണിലുള്ള വിവരങ്ങൾ അപ്പാടെ ഉപയോഗിക്കാൻ തട്ടിപ്പുകാർ അനുവാദം ചോദിക്കാറുണ്ട്. ഗ്യാലറി പങ്കുവെയ്ക്കാനും കോൺടാക്ട് വിവരങ്ങൾ എടുക്കാനുമൊക്കെയുള്ള അനുവാദം ആവാം അവർ ചോദിക്കുന്നത്. ഇതൊന്നും ഒരിക്കലും അനുവദിക്കേണ്ടതില്ലെന്ന് പൊലീസ് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ അറിയിച്ചു.

ആപ്പ് ഉപയോഗിച്ച് ഫോണിൽ നിന്ന് അവർ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കാൻ സാദ്ധ്യതയുണ്ട്. ഫോട്ടോയും മറ്റും അവർ കൈക്കലാക്കിയേക്കും. വായ്പ നൽകിയ പണം തിരിച്ചു വാങ്ങുന്നതിനുള്ള സമ്മർദ്ദതന്ത്രത്തിന്റെ ഭാഗമായി ഈ സ്വകാര്യ വിവരങ്ങളും ഫോട്ടോയുമൊക്കെ അവർ നിങ്ങൾക്കെതിരെ ഉപയോഗിച്ചേക്കാം. നിങ്ങളുടെ സ്വകാര്യത പണയം വെച്ചാണ് നിങ്ങൾ അവരിൽ നിന്ന് വായ്പയെടുക്കുന്നത്. ഇത്തരം ലോൺ ആപ്പുകളെ ഒരിക്കലും ആശ്രയിക്കരുതെന്നും കുറിപ്പിൽ പറയുന്നു. ഇത്തരം തട്ടിപ്പുകളിൽ പെട്ടാൽ എത്രയും വേഗം 1930 എന്ന ഫോൺ നമ്പറിൽ സൈബർ പോലീസിനെ വിവരം അറിയിക്കണമെന്നും കുറിപ്പിൽ പറയുന്നു.