നോർത്ത് അമേരിക്കയിൽ ഗുരുദേവ പ്രതിഷ്ഠ വാർഷികാഘോഷം
വാഷിംഗ്‌ടൺ: ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്കയിലെ ആശ്രമ ധ്യാനമണ്ഡപത്തിൽ സ്ഥാപിച്ചിട്ടുള്ള ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയുടെ വാർഷികാഘോഷം 25ന് നടക്കും. ശാന്തി ഹവന മഹായജ്ഞം, കലശപൂജ, ഗണപതിഹോമം, ദേവിപൂജ തുടങ്ങിയ ചടങ്ങുകൾ ഉണ്ടായിരിക്കും. ഹോമ മന്ത്രത്തിന്റെ ശതാബ്ദി സ്മരണ, ആലുവ സർവ്വമത സമ്മേളനശതാബ്‌ദി, ഗുരുദേവ-മഹാത്മാഗാന്ധി സമാഗമ ശതാബ്‌ദി എന്നിവയും ഇതോടൊപ്പം ആചരിക്കും. ഫിലാഡൽഫിയ, വാഷിംഗ്‌ടൺ ഡി.സി, ഡാളസ്, ബോസ്റ്റൺ, ഓഹായോ തുടങ്ങി അമേരിക്കയുടെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന ഭക്തസംഘത്തിന്റെ നേതൃത്വത്തിൽ ഭക്തിഗാനസുധയും ഉണ്ടായിരിക്കും. ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് ആലുംമൂട്ടിൽ ഡോ.ശിവദാസൻ മാധവൻചാന്നാർ, വൈസ് പ്രസിഡന്റുമാരായ എ. പി.അനിൽകുമാർ, മനോജ് കുട്ടപ്പൻ, ജനറൽ സെക്രട്ടറി മിനി അനിരുദ്ധൻ, ട്രഷറർ ശ്രീനി പൊന്നച്ചൻ, ജോയിന്റ് സെക്രട്ടറി സാജൻ നടരാജൻ, ട്രസ്റ്റ് ബോർഡ് അംഗങ്ങൾ,ഗാർഡിയൻ കൗൺസിൽ അംഗങ്ങൾ, ഭക്തസംഘം എന്നിവരുടെ നേതൃത്വത്തിലാണ് വാർഷികാഘോഷചടങ്ങുകൾ നടക്കുന്നതെന്ന് സ്വാമി ഗുരുപ്രസാദ് അറിയിച്ചു.