ഗുരുദേവൻ സമൂഹത്തിലെ അനീതികളെ തിരുത്തി: സ്വാമി ശുഭാംഗാനന്ദ

Monday 19 May 2025 12:05 AM IST
കാസർകോട് ജില്ലയിലെ ഗുരുധർമ്മ പ്രചാരണ സഭയുടെ നാല് യൂണിറ്റുകളുടെ സർട്ടിഫിക്കറ്റ് വിതരണത്തിന്റെ ഉദ്‌ഘാടനം ശിവഗിരി മഠത്തിന് കീഴിലുള്ള ബങ്കളം കൂട്ടപ്പുന്ന ശ്രീനാരായണ ഗുരു മഠത്തിൽ ഗുരുധർമ്മ പ്രചാരണ സഭ ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ നിർവ്വഹിക്കുന്നു

ബങ്കളം(കാസർകോട്): കാലത്തിനും ലോകത്തിനുമൊപ്പം ജീവിച്ച് സമൂഹത്തിലെ അനീതികളെ തിരുത്തിയ മഹാത്മാവാണ് ശ്രീനാരായണ ഗുരുദേവനെന്ന് ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. കാസർകോട് ജില്ലയിൽ പ്രവർത്തനം തുടങ്ങിയ ഗുരുധർമ്മ പ്രചാരണ സഭയുടെ ചിറ്റാരിക്കാൽ, പൂവാലംകൈ, കൂട്ടപ്പുന്ന ഒന്ന്, കൂട്ടപ്പുന്ന രണ്ട് എന്നീ യൂണിറ്റുകളുടെ സത്യപ്രതിജ്ഞയും സർട്ടിഫിക്കറ്റ് വിതരണവും ശിവഗിരി മഠത്തിന് കീഴിലുള്ള ബങ്കളം കൂട്ടപ്പുന്ന ശ്രീനാരായണ ഗുരു മഠത്തിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലത്തിന്റെയും ലോകത്തിന്റെയും മാറ്റങ്ങൾക്കും അവസ്ഥാവിശേഷങ്ങൾക്കും വന്നുപോയ അശാസ്ത്രീയമായ ധാരണങ്ങളെ സമൂലം തിരുത്തി ശാസ്ത്രീയമായ അവബോധം നൽകുവാൻ ശ്രമിക്കുകയായിരുന്നു ഗുരുദേവൻ. ഗുരുവിന്റെ മഹത്തായ ദർശനവും സന്ദേശവും ഉൾക്കൊണ്ടുകൊണ്ട് സമൂഹത്തോടും ലോകത്തോടുമൊപ്പം ജീവിച്ചു കൊണ്ട് നമുക്ക് സാമൂഹ്യ പ്രതിബദ്ധത നിറവേറ്റാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

സുഖപൂർണ്ണമായ ഐശ്വര്യ പൂർണ്ണമായ ജീവിതമാണ് എല്ലാവരും ലക്ഷ്യമിടുന്നത്. സദാചാര ബോധത്തിലും ധർമ്മനിഷ്ഠയിലും അധിഷ്ഠിതമായ ജീവിതം നയിക്കണം. വർത്തമാന കാലഘട്ടത്തിൽ സദാചാര ഗുണ്ടായിസവും സദാചാര പൊലീസും ചമയുന്ന പുതിയ തലമുറയെ എന്താണ് സദാചാര ബോധമെന്ന് പഠിപ്പിക്കണം. മനുഷ്യ മനസ് കാമക്രോധ വിചാര വികാരങ്ങൾ കൊണ്ട് കലുഷിതമാണ്. അതുതടയാൻ ഈശ്വര ചിന്തയിലൂടെ മനഃശുദ്ധീകരണം നടത്തണം. ഭൗതിക ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ് ആദ്ധ്യാത്മിക ജീവിതമെന്ന് വിമർശിക്കാറുണ്ട്. അത് തെറ്റിദ്ധാരണാജനകമാണ്. പ്രപഞ്ചത്തോടൊപ്പം ജീവിക്കുക പഠിക്കുക എന്നാണ് ഗുരു പറഞ്ഞത്. വെല്ലുവിളികളെ തരണം ചെയ്യണം. ഞെട്ടിപ്പിക്കുന്ന, വേദനിക്കുന്ന സംഭവ വികാസങ്ങൾ സമൂഹത്തിൽ നിറയുമ്പോൾ ആ അവസ്ഥയെ മറികടക്കാൻ ഗുരുചിന്തയിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ജി.ഡി.പി.എസ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ.സി ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് രജിസ്ട്രാർ സുരേന്ദ്ര ബാബു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കണ്ണൂർ ജില്ലാ സെക്രട്ടറി ബിജു, കാസർകോട് കോ ഓഡിനേറ്റർ ഉദിനൂർ സുകുമാരൻ, മാതൃസഭ കണ്ണൂർ ജില്ലാ സെക്രട്ടറി സ്മിത ലേഖ. പ്രസാദ് ശാന്തി, പ്രമോദ് കരുവളം എന്നിവർ പ്രസംഗിച്ചു. ജി.ഡി.പി.എസ് ജില്ലാ സെക്രട്ടറി വിനോദ് ആറ്റിപ്പിൽ സ്വാഗതവും കുമാരൻ നന്ദിയും പറഞ്ഞു. സ്വാമിയുടെ നേതൃത്വത്തിൽ ഗുരുപൂജയുമുണ്ടായി.