കരുതലോടെ ഓഹരി നിക്ഷേപകർ

Monday 19 May 2025 12:01 AM IST

ചാഞ്ചാട്ടം ശക്തമായേക്കും

കൊച്ചി: കമ്പനികളുടെ നാലാം പാദത്തിലെ പ്രവർത്തന ഫലങ്ങളും അമേരിക്കയുമായുള്ള വ്യാപാര ചർച്ചകളുടെ പുരോഗതിയും വിദേശ നിക്ഷേപകരുടെ ചലനങ്ങളുമാകും നടപ്പുവാരം ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപകരെ സ്വാധീനിക്കുന്നത്. പാകിസ്ഥാനുമായുള്ള യുദ്ധത്തിൽ വ്യക്തമായ മേധാവിത്തം നേടിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ ഓഹരി വിപണി ചരിത്ര മുന്നേറ്റം കാഴ്ചവച്ചിരുന്നു. ഇതോടൊപ്പം ഇന്ത്യയുമായി വ്യാപാര കരാർ ഒപ്പുവക്കുന്നതിനുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതും വിപണിക്ക് ആവേശം പകർന്നു.

കഴിഞ്ഞ വാരം മികച്ച നേട്ടവുമായാണ് ഇന്ത്യൻ സൂചികകൾ വ്യാപാരം പൂർത്തിയാക്കിയത്. ഇക്കാലയളവിൽ സെൻസെക്സും നിഫ്‌റ്റിയും നാല് ശതമാനം ഉയർന്നു. പ്രതിരോധ മേഖലയിലെ ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്.

ആവേശം കൂട്ടുന്നത്

1. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസത്തിൽ പ്രധാന കമ്പനികളെല്ലാം ലാഭത്തിലും വിറ്റുവരവിലും മികച്ച നേട്ടമുണ്ടാക്കി

2. ഹ്രസ്വകാലത്തെ ഇടവേളയ്ക്ക് ശേഷം വിദേശ ധനകാര്യ സ്ഥാപനങ്ങൾ വർദ്ധിത ആവേശത്താേടെ ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടുന്നു

3. പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് തയ്യാറായി കൂടുതൽ കമ്പനികൾ വിപണിയിലെത്തുന്നതിനാൽ വിദേശ, സ്വദേശ ഫണ്ടുകൾക്ക് ആവേശമേറുന്നു

4. ക്രൂഡോയിൽ വിലയിലെ ഇടിവും അമേരിക്കൻ ഡോളറിനെതിരെ രൂപ നില മെച്ചപ്പെടുത്തതും ഇന്ത്യൻ കമ്പനികൾക്ക് നേട്ടമാകുമെന്ന പ്രതീക്ഷ