വിദേശ നാണയ ശേഖരം കുതിച്ചുയരുന്നു

Monday 19 May 2025 12:02 AM IST

കൊച്ചി: ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങൾക്കിടെ ഇന്ത്യയുടെ വിദേശ നാണയ ശേഖരം ഏഴ് മാസത്തെ ഉയർന്ന തലമായ 69,060 കോടി ഡോളറിലെത്തി. മേയ് ഒൻപതിന് അവസാനിച്ച വാരത്തിൽ വിദേശ നാണയ ശേഖരത്തിൽ 460 കോടി ഡോളറിന്റെ വർദ്ധനയാണുണ്ടായത്. മുൻവാരം വിദേശ നാണയ ശേഖരം 68,600 കോടി ഡോളറായിരുന്നു. റിസർവ് ബാങ്കിന്റെ കൈവശമുള്ള വിദേശ നാണയങ്ങളുടെ മൂല്യം അവലോകന കാലയളവിൽ 58,137 കോടി ഡോളറായി ഉയർന്നു. ഡോളർ, പൗണ്ട്, യൂറോ, യെൻ തുടങ്ങിയവയുടെ മൂല്യത്തിലെ വർദ്ധനയാണ് വിദേശ നാണയ ശേഖരം ഉയർത്താൻ സഹായകമായത്.

കഴിഞ്ഞ വർഷം സെപ്തംബറിൽ രേഖപ്പെടുത്തിയ 70,489 കോടി ഡോളറാണ് ഇന്ത്യയുടെ റെക്കാഡ് വിദേശ നാണയ ശേഖരം. മേയ് രണ്ടാം വാരത്തിൽ ഇന്ത്യയുടെ സ്വർണ ശേഖരത്തിന്റെ മൂല്യം 8,633 കോടി ഡോളറാണ്. അവലോകന കാലയളവിൽ സ്വർണത്തിന്റെ മൂല്യത്തിൽ 451 കോടി ഡോളറിന്റെ വർദ്ധനയുണ്ടായി. ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വം കണക്കിലെടുത്ത് റിസർവ് ബാങ്ക് സുരക്ഷിത മേഖലയായ സ്വർണത്തിൽ അധിക നിക്ഷേപം നടത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രൂപയുടെ മൂല്യത്തകർച്ച നിയന്ത്രിക്കാൻ പൊതു മേഖല ബാങ്കുകൾ വഴി വിപണിയിൽ നിന്ന് ഡോളർ വാങ്ങിയതും വിദേശ നാണയ ശേഖരം കൂടാൻ കാരണമായി.