കേരള സംരംഭകർക്ക് സുവർണ കാലം: മന്ത്രി ജി ആർ അനിൽ

Monday 19 May 2025 12:03 AM IST

തിരുവനന്തുപുരം: വ്യവസായ സൗഹൃദ സൂചികയിലെ മുന്നേറ്റത്തിന് പിന്നാലെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും യാഥാർത്ഥ്യമായതോടെ കേരളത്തിലെ സംരംഭകരുടെ സുവർണ കാലം ആരംഭിച്ചെന്ന് ഭക്ഷ്യ, സിവിൽ സപ്ളൈസ് മന്ത്രി ജി. ആർ അനിൽ പറഞ്ഞു. ഇൻഡോ കോണ്ടിനെന്റൽ ട്രേഡ് ആൻഡ് എന്റർപ്രെണർഷിപ്പ് കൗൺസിലിന്റെ ബിസിനസ് ഉച്ചകോടിയും രണ്ടാമത് ടസ്‌ക്കർ അവാർഡ് ദാന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യപുരോഗതിക്ക് വ്യവസായ സംരംഭകരുടെ പങ്ക് വളരെ വലുതാണെന്നും അവരുടെ പ്രയത്നം പ്രശംസനീയമാണെന്നും മുഖ്യ പ്രഭാഷണം നടത്തിയ ഡോ. ശശി തരൂർ എം.പി പറഞ്ഞു. കേരളത്തിന് അഭിമാനകരമായ നേട്ടങ്ങൾ സമ്മാനിച്ച സംരംഭകരെ ചടങ്ങിൽ ആദരിച്ചു. പരിസ്ഥിതി സുസ്ഥിരത മികവിന് ഫാബ്‌കോ ബയോ സൈക്കിൾ സി.ഇ.ഒ നിയാസ് പി.വിയെ ആദരിച്ചു. മികച്ച ബ്രാൻഡിനുള്ള പുരസ്‌കാരം മുരള്യ ഡയറി പ്രോഡക്ട്സ് സി.ഇ.ഒ ശശി കുമാർ മേനോൻ ഏറ്റുവാങ്ങി, മികച്ച കയറ്റുമതി പുരസ്‌കാരം ന്യൂമിനസ് ഇംപെക്സ് (ഐ) മാനേജിംഗ് ഡയറക്ടർ എസ്. സുരേഷ് കുമാറിന് ലഭിച്ചു.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ബ്യുമെർക്ക് ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ ആർ.ബാലചന്ദ്രനും ഗൾഫ് രാജ്യങ്ങളിൽ ആയുർവേദത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അംഗീകാരം സഹം ആയുർവേദിക് ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് സെന്ററിന്റെ ചന്ദ്രഹാസൻ ടി.മേനോനും ഏറ്റുവാങ്ങി. , ആയുർവേദ പുരസ്‌കാരം വൈദ്യരത്നം ഔഷധശാലയ്ക്കാണ്.

ബ്രാൻഡിംഗ് സൊല്യൂഷൻസ് മികവിന് മുജീബ് ഷംസുദീൻ(മാനേജിംഗ് ഡയറക്ടർ, ആക്‌സോ മീഡിയ), മികച്ച എൻ.ബി.എഫ്.സി പുരസ്‌കാരം പി.ഇ. മത്തായി(സി.ഇ.ഒ, മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ്), കോർപ്പറേറ്റ് അഡ്വൈസറി സേവനങ്ങളിലെ മികവിന് സതീഷ്.വി (ചെയർമാൻ, ബ്രയിൻസ് ടീം അഡ്വൈസേഴ്സ്), ആരോഗ്യ രംഗത്ത് ഡോ.സന്ധ്യ കെ.എസ് (സി.ഇ.ഒ, എസ് .കെ ഹോസ്പിറ്റൽ), മികച്ച വിദേശ കൺസൾട്ടന്റ് ലിജു മേരി ജേക്കബ് (ഡയറക്ടർ, എസി.ഇ.ടി മൈഗ്രേഷൻസ്) എന്നിവർ പുരസ്‌കാരം നേടി. സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം എൻ.ടി.പി.സിയുടെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.കെ.നായർക്ക് സമ്മാനിച്ചു