മഞ്ഞപ്പിത്തം: സഹോദരങ്ങളിൽ ഒരാൾ കൂടി മരിച്ചു
കൊല്ലം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന സഹോദരങ്ങളിൽ ഒരാൾ കൂടി മരിച്ചു. കണ്ണനല്ലൂർ ചേരിക്കോണം ചിറയിൽ വീട്ടിൽ മുരളിയുടെയും ശ്രീജയുടെയും ഇളയമകൾ നീതു (15) ആണ് ഇന്നലെ രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്. നീതുവിന്റെ മൂത്ത സഹോദരി മീനാക്ഷി (19) മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ 16ന് മരണപ്പെട്ടിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരുടെ സഹോദരൻ അമ്പാടിയെ (10) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തു.
രണ്ടാഴ്ച മുമ്പ് അമ്പാടിക്കാണ് ആദ്യം മഞ്ഞപ്പിത്തം സ്ഥിരീകരിക്കുന്നത്. കുട്ടിയെ ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിൽ എത്തിക്കുകയും രോഗം മൂർച്ഛിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. അതിനിടെയാണ് സഹോദരങ്ങൾക്ക് മഞ്ഞപ്പിത്തം പിടിപെട്ടത്. തുടർന്ന് രണ്ടുപേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നീതുവിന്റെ മൃതദേഹം ബന്ധുകൾക്ക് വിട്ടുനൽകി. സംസ്കാരം ഇന്നലെ വൈകിട്ടോടെ വീട്ടുവളപ്പിൽ നടന്നു.
കിണർ വെള്ളത്തിൽ നിന്നാകാം നീതുവിനും സഹോദരങ്ങൾക്കും രോഗം പടർന്നതെന്നാണ് നിഗമനം. ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് ശേഖരിച്ചിട്ടുണ്ട്. അതേസമയം, ചേരിക്കോണം തലച്ചിറ ഭാഗത്ത് അഞ്ചോളം പേർക്ക് കൂടി മഞ്ഞപ്പിത്തം ബാധിച്ചതായാണ് റിപ്പോർട്ട്.