മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയുടെ വേദിക്ക് പുറത്ത് പുക

Monday 19 May 2025 12:08 AM IST

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയുടെ വേദിക്ക് പുറത്ത് ഷോർട്ട് സർക്യൂട്ട് മൂലം തീപ്പൊരിയും പുകയും ഉയർന്നത് ആശങ്കയ്ക്കിടയാക്കി. മലമ്പുഴയിൽ നടന്ന സംസ്ഥാനതല പട്ടികജാതി പട്ടികവർഗ മേഖലാ സംഗമ വേദിക്ക് പുറത്തായിരുന്നു സംഭവം.

മലമ്പുഴ ട്രൈപ്പെന്റ ഓഡിറ്റോറിയത്തിൽ പ്രധാന വേദിക്ക് പുറത്ത് സ്‌ക്രീനിലൂടെ പരിപാടി കാണുന്നിടത്താണ് ഷോർട്ട് സർക്യൂട്ട് ഉണ്ടായത്. പരിപാടിക്കായി സ്ഥാപിച്ച ഫ്യൂസ് ബോക്സിൽ നിന്നാണ് തീപ്പൊരി ഉയർന്നത്. ഇതോടെ പരിപാടി പത്ത് മിനിറ്റോളം നിറുത്തി വച്ചു. ഇവിടെ സ്‌ക്രീനിലൂടെ പരിപാടി കണ്ടുകൊണ്ടിരുന്നവരെ ഉടനെ ഓഡിറ്റോറിയത്തിന് പുറത്തെത്തിച്ചു. ഗ്ലാസ് വാതിലിന് പുറത്താണ് ഫ്യൂസ് ബോക്സ് ഉണ്ടായിരുന്നത് എന്നതിനാൽ അപകടം ഒഴിവായി. ഓവർ ലോഡു മൂലമാണ് ഷോർട്ട് സർക്യൂട്ട് ഉണ്ടായത്. തുടർന്ന് ജനറേറ്റർ ഉപയോഗിച്ചാണ് പരിപാടി തുടർന്നത്.