കുങ്കി സിനിമയിലെ 'നായകൻ' ചെമ്മരപ്പള്ളി മാണിക്യൻ   ചരിഞ്ഞു

Sunday 18 May 2025 10:23 PM IST

മല്ലപ്പള്ളി: കുങ്കി എന്ന തമിഴ് സിനിമയിലൂടെ ആനപ്രേമികളുടെ മനസിൽ ഇടം നേടിയ ചെമ്മരപ്പള്ളി മാണിക്യൻചരിഞ്ഞു. ഏറെ നാളായി പാദരോഗത്തിന്റെ ചികിത്സയിലായിരുന്നു മാണിക്യൻ. ഇന്നലെ രാവിലെ കുളിപ്പിച്ചശേഷം പതിവുപോലെ നടത്തിക്കാനായി ഇറക്കിയപ്പോൾ പെട്ടെന്ന് വിറയൽ ഉണ്ടായി നിന്നു. തുടർന്ന് ഡോക്ടറെ വിളിച്ചുവരുത്തി ഇൻജക്ഷൻ എടുത്തെങ്കിലും പിന്നിലേക്ക് ഇരുന്ന് ചരിയുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം ചിറ്റാറിലെ എസ്റ്റേറ്റിൽ മാണിക്യനെ അടക്കി.

ചുങ്കപ്പാറ കോട്ടാങ്ങൽ ചെമ്മരപ്പളി രഘുനാഥന്റെ ഉടമസ്ഥതിയിലുള്ള ആനയാണ് ശാന്ത സ്വഭാവിയായിരുന്ന മാണിക്യൻ. ബീഹാറിൽ നിന്നും കോട്ടയം പുതുപ്പള്ളി പാപ്പാല പറമ്പിൽ പോത്തൻ വറുഗീസാണ് മാണിക്യനെ കേരളത്തിലെത്തിച്ചത്. 21 -ാംവയസ്സിൽ 25 കൊല്ലം മുൻപാണ് കൊല്ലം സ്വദേശിയിൽ നിന്നും രാഘുനാഥ ൻ മാണിക്യനെ സ്വന്തമാക്കിയത്. ഒൻപതടിയിൽ കൂടുതൽ പൊക്കമുള്ള മാണിക്യന് എടുത്തു വകച്ച കൊമ്പുകളും ഉയർന്നു പൊങ്ങിയ തലക്കുനിയും ഒടിവില്ലാത്ത വാലും നിലംമുട്ടുന്ന തുമ്പികൈ. എടുത്ത വായുകുംഭം, ഭംഗിയുള്ള ചെവി, 18 നഖങ്ങൾ ഉൾപ്പടെ അഷ്ടഗജ ലക്ഷണങ്ങളിൽ ഏറെയുമുണ്ടായിരുന്നു.

കാട്ടാനയെ തുരത്തുന്ന താപ്പാനയെ പ്രമേയമാക്കി 2012ൽ പുറത്തിറക്കിയ കുങ്കി എന്ന സിനിമയിൽ നായകനായ വിക്രം പ്രഭുവിനൊപ്പം മാണിക്യനും ജനശ്രദ്ധ പിടിച്ചു പറ്റി. ഇതോടെ മാണിക്യൻ കേരളത്തിലേയും തമിഴ്നാട്ടിലെയും ആനപ്രേമികളുടെ ഇടയിലെ താരമായി മാറി. ആദ്യ കാലങ്ങളിൽ തടിപിടുത്തത്തിനാണ് മാണിക്യനെ ഉപയോഗിച്ചിരുന്നത്. സിനിമാ അഭിനയത്തിനുശേഷം മാണിക്യൻ പൂരപ്പറമ്പുകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. നീരിൽ നിൽക്കുമ്പോഴും മാണിക്യൻ ഉടമസ്ഥനായ രഘുനാഥനും ഭാര്യയ്ക്കും മാനജർക്കും അടുത്തുചെല്ലുവാനും തീറ്റകൊടുക്കുവാനും സമ്മതിച്ചിരുന്നു. രഘുനാഥന്

ചെമ്മരപ്പള്ളിൽ ഗംഗാധരൻ എന്ന മറ്റൊരു ആനയുമുണ്ട്. ചരിഞ്ഞ മാണിക്യനെ കാണാൻ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും ആളുകളെത്തി.