റോഡിൽ മൃഗമിറങ്ങിയാൽ ഇനി വാഹനമോടിക്കുന്നവർക്കും അറിയാം

Monday 19 May 2025 12:00 AM IST

തിരുവനന്തപുരം: ദേശീയ പാതകളിൽ മൃഗങ്ങളുടെ സാന്നിദ്ധ്യം ഉൾപ്പെടെ തിരിച്ചറിഞ്ഞ് മുൻകരുതലിന് അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (എ.ടി.എം.എസ്) ദേശീയ പാത അതോറിട്ടി നടപ്പിലാക്കുന്നു.എ.ഐ സാങ്കേതിക വിദ്യയിലെ ഏറ്റവും പുതിയ ക്യാമറ സംവിധാനമാണിത്.

നിലവിലെ വി.ഐ.ഡി.എസ് ക്യാമറകൾക്ക് പകരം പുതിയ വീഡിയോ ഇൻസിഡന്റ് ഡിറ്റക്ഷൻ ആൻഡ് എൻഫോഴ്സ്‌മെന്റ് സിസ്റ്റം ഉൾപ്പെടുന്ന ക്യാമറ സംവിധാനാണ് സ്ഥാപിക്കുക. അതിതീവ്ര അപകടമേഖലകൾക്ക് പ്രധാന്യം നൽകി അപകടങ്ങൾ കുറയ്ക്കുകയാണ് ലക്ഷ്യം.റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അപകടങ്ങളുണ്ടായാൽ ഉടനടി നടപടിയെടുക്കുന്നതിനുമാണ് ഈ സംവിധാനം. ദേശീയ പാതയോരങ്ങളിൽ ഓരോ 10 കിലോമീറ്ററിലും ഈ ക്യാമറകൾ സ്ഥാപിക്കാനാണ് പദ്ധതി. ഓരോ 100 കിലോമീറ്ററിലും അത്യാധുനിക കമാൻഡ് & കൺട്രോൾ കേന്ദ്രം തുറക്കും. ഈ കേന്ദ്രങ്ങളാണ് വിവിധ ക്യാമറ സംവിധാനങ്ങളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. കൂടാതെ, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എ.എൻ.പി.ആർ) ക്യാമറകളും സ്ഥാപിക്കും.

ഇരു ചക്ര വാഹനത്തിൽ 3 പേരുടെ യാത്ര, ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാതിരിക്കൽ,, തെറ്റായ പാതയിലോ ദിശയിലോ ഉള്ള ഡ്രൈവിംഗ്, ഹൈവേയിൽ മൃഗങ്ങളുടെ സാന്നിധ്യം, കാൽനടക്കാരുടെ റോഡ് മുറിച്ചു കടക്കലുകൾ എന്നിവയുൾപ്പെടെ 14 കാര്യങ്ങൾ പുതിയ ക്യാമറയിൽ തിരിച്ചറിയാൻ സാധിക്കും. അപകടമുണ്ടായാൽ കൺട്രോൾ സെന്ററിൽ നിന്നും വിവരം ഉടനെ ആംബുലൻസുകളിലും പട്രോളിംഗ് വാഹനങ്ങളിലും ലഭിക്കും. വഴിയിൽ തടസമുണ്ടെങ്കിൽ ആ വിവരം ആ റൂട്ടിലെ യാത്രക്കാർക്ക് 'രാജ്മാർഗ്‌യാത്ര (Rajmargyatra) എന്ന മൊബൈൽ ആപ്പിലൂടെ ലഭ്യമാക്കും. ഹൈവേ കടന്നു പോകുന്ന സംസ്ഥാനങ്ങളുടെ പൊലീസ്, ട്രാഫിക് സംവിധാനങ്ങളുമായും കേന്ദ്ര സംവിധാനത്തെ ബന്ധപ്പെടുത്തിയാണ് പ്രവ‌ർത്തനം കാര്യക്ഷമമാക്കുന്നത്. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയ സംവിധാനം കേരളത്തിൽ എൻ.എച്ച് 66 പൂർത്തിയാകുമ്പോൾ നടപ്പിലാക്കും.

#സംസ്ഥാനത്ത് അതിതീവ്ര

അപകട മേഖലകൾ -323

#ദേശീയ പാതകളിൽ അതിതീവ്ര

അപകട മേഖലകൾ.-149