കോടിപതികളുടെ കഷ്ടകാലം
ഈ സീസൺ ഐ.പി.എല്ലിൽ കോടികൾ മുടക്കി ക്ളബുകൾ വാങ്ങിയ മിക്ക താരങ്ങളും പ്രകടനത്തിൽ പിന്നോട്ടാണ്. ഐ.പി.എൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയായ 27.5 കോടി മുടക്കി ലക്നൗ സൂപ്പർ ജയന്റ്സ് വാങ്ങിയ റിഷഭ് പന്ത് തന്നെ ഏറ്റവും വലിയ പരാജയവുമായി മാറി.ശ്രേയസ് അയ്യരെപ്പോലെയുള്ള കുറച്ച് താരങ്ങൾക്ക് മാത്രമേ പ്രതിഫലത്തിന് അനുസരിച്ചുള്ള പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാതെപോയ കോടിപതികളെ അറിയാം.
റിഷഭ് പന്ത് (27.5 കോടി)
11 കളികളിൽ നിന്ന് 128 റൺസ് മാത്രം. 12.80 മാത്രമാണ് ശരാശരി. സ്ട്രൈക്ക് റേറ്റ് നൂറിന് താഴെയും(99.22). ക്യാപ്ടനായും മോശം പ്രകടനം.
വെങ്കിടേഷ് അയ്യർ (23.75 കോടി)
11 മത്സരങ്ങളിൽ ഒരു അർദ്ധസെഞ്ച്വറി അടക്കം 142 റൺസ്. ശരാശരി 20.29, സ്ട്രൈക്ക് റേറ്റ് 139.22
ഇഷാൻ കിഷൻ (11.25 കോടി)
ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയ ഇഷാൻ പിന്നീടുള്ള 10 മത്സരങ്ങളിൽ നിന്ന് നേടിയത് 90 റൺസ് മാത്രം. ആകെ 11കളികളിൽ 196 റൺസ്. ശരാശരി 24.50, സ്ട്രൈക്ക് റേറ്റ് 144.12
മുഹമ്മദ് ഷമി (10 കോടി)
ഇതുവരെ കളിച്ച ഒൻപത് മത്സരങ്ങളിൽ നിന്ന് ആറു വിക്കറ്റുകളേ ഷമിക്ക് നേടാൻ കഴിഞ്ഞിട്ടുള്ളൂ. അഞ്ചുമത്സരങ്ങൾ കളിച്ച വിഘ്നേഷ് പുത്തൂരും ആറ് വിക്കറ്റ് നേടിയിട്ടുണ്ട്.
ആർ. അശ്വിൻ (9.75 കോടി)
ചെന്നൈ സൂപ്പർ കിംഗ്സിലേക്കുള്ള തിരച്ചുവരവ് ആഘോഷമാക്കാൻ അശ്വിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 10 മത്സരങ്ങളിൽ നിന്ന് നേടാനായത് അഞ്ചുവിക്കറ്റുകൾ മാത്രം.
ലിയാം ലിവിംഗ്സ്റ്റൺ (8.75 കോടി)
ഏഴ് മത്സരങ്ങളിൽ നിന്ന് ആർ.സി.ബിയുടെ ഈ ഇംഗ്ലീഷ് ആൾറൗണ്ടർക്ക് നേടാനായത് 87 റൺസും രണ്ട് വിക്കറ്റുകളും മാത്രമാണ്.