പ്ളേ ഓഫിലേക്കടുത്ത് പഞ്ചാബ്
രാജസ്ഥാൻ റോയൽസിന് 10 റൺസിന് തോൽപ്പിച്ച് പഞ്ചാബ് കിംഗ്സ് പോയിന്റ് പട്ടികയിൽ രണ്ടാമത്
സഞ്ജു സാംസൺ പരിക്ക് മാറി തിരിച്ചെത്തിയിട്ടും രാജസ്ഥാന് രക്ഷയില്ല
ജയ്പുർ : നായകനായി സഞ്ജു സാംസൺ തിരിച്ചെത്തിയെങ്കിലും തോൽവികളുടെ തുടർക്കഥയിൽ മാറ്റമില്ലാതെ രാജസ്ഥാൻ റോയൽസ്. ഇന്നലെ നടന്ന മത്സരത്തിൽ 10 റൺസിന് രാജസ്ഥാനെ തോൽപ്പിച്ച പഞ്ചാബ് കിംഗ്സ് ഇലവൻ 12 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി പട്ടികയിൽ രണ്ടാമതേക്കുയർന്ന് പ്ളേ ഓഫിലേക്ക് അടുത്തു.
സാവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത 219/5 എന്ന സ്കോർ ഉയർത്തിയ പഞ്ചാബിനെതിരെ നിശ്ചിത 20 ഓവറിൽ 209/7ലെത്താനേ രാജസ്ഥാന് കഴിഞ്ഞുള്ളൂ. തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം നെഹാൽ വധേര (70),ശ്രേയസ് അയ്യർ (30),ശശാങ്ക് സിംഗ് (59*) എന്നിവരിലൂടെ താളം വീണ്ടെടുത്താണ് പഞ്ചാബ് മികച്ച സ്കോറിലെത്തിയത്. അതേസമയം തുടക്കം ഗംഭീരമായിരുന്നെങ്കിലും ഓപ്പണർമാരായ യശസ്വിയും (50),വൈഭവ് സൂര്യവംശിയും (40) മടങ്ങിയതോടെ താളം തെറ്റിയതാണ് രാജസ്ഥാന് വിനയായത്.നാലോവറിൽ 22 റൺസ് വഴങ്ങി മൂന്ന് മുൻനിര വിക്കറ്റുകൾ വീഴ്ത്തിയ പഞ്ചാബ് പേസർ ഹർപ്രീത് ബ്രാറാണ് പ്ളേയർ ഒഫ് ദ മാച്ച്.
10 റൺസിന് രാജസ്ഥാന്റെ പത്താം തോൽവി
ഒരുമാസത്തിന് ശേഷം സഞ്ജു
ഒരു മാസത്തിന് ശേഷമാണ് സഞ്ജു സാംസൺ രാജസ്ഥാന്റെ പ്ളേയിംഗ് ഇലവനിലിറങ്ങിയത്. ഏപ്രിൽ16ന് ഡൽഹിക്ക്
എതിരെ കളിക്കുമ്പോഴാണ് നടുവിന് സഞ്ജുവിന് പരിക്കേറ്റത്. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ വിരലിന് പരിക്കേറ്റതിനാൽ സഞ്ജു വിക്കറ്റ് കീപ്പ് ചെയ്തിരുന്നില്ല. ഇംപാക്ട് പ്ളേയറായി മാത്രം ഇറങ്ങിയതിനാൽ നായകനുമായില്ല. ആ പരിക്ക് മാറി നായകനും കീപ്പറുമായിറങ്ങി നാലാം മത്സരത്തിലാണ് നടുവിന് പരിക്കേറ്റത്. തുടർന്ന് അഞ്ചുമത്സരങ്ങൾ നഷ്ടമായി. എട്ട്കളികളിൽ ഒരു അർദ്ധസെഞ്ച്വറിയടക്കം 244 റൺസാണ് സഞ്ജു നേടിയത്.
നേരത്തേ പ്ളേ ഓഫിൽ നിന്ന് പുറത്തായ രാജസ്ഥാന് ഇനി ചൊവ്വാഴ്ച ചെന്നൈയ്ക്ക് എതിരായ മത്സരം മാത്രം