തെക്ക് വിഴിഞ്ഞം, പടിഞ്ഞാറ് വാധ്വാൻ, തുറമുഖ ശക്തിയിൽ നമ്മൾ കുതിക്കും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖംപോലെ അന്താരാഷ്ട്ര കപ്പൽച്ചാലിന് തൊട്ടടുത്ത്. കടലിന് 20 മീറ്ററിലേറെ സ്വാഭാവിക ആഴം. കൂറ്റൻ ചരക്കുക്കപ്പലുകൾക്കും അനായാസം നങ്കൂരമിടാം.വിഴിഞ്ഞത്തിനൊപ്പം രാജ്യത്തെ ചരക്കുഗതാഗതത്തിന്റെ കവാടമായി മാറാൻ മഹാരാഷ്ട്രയിലെ വാധ്വാനിലും പുതിയ തുറമുഖം നിർമ്മിക്കുന്നു. ആദ്യഘട്ടം അഞ്ചുവർഷത്തിനകം പൂർത്തിയാവും.
മഹാരാഷ്ട്ര-ഗുജറാത്ത് അതിർത്തിയിൽ 1400 ഹെക്ടർ കടൽ നികത്തിയാണ് നിർമ്മാണം.
വിഴിഞ്ഞത്തിനൊപ്പം വാധ്വാൻകൂടി വരുന്നതോടെ ചരക്കുനീക്കത്തിന് കൊളംബോ, സിംഗപ്പൂർ, ദുബായ് അടക്കം മറ്റു തുറമുഖങ്ങളെ ആശ്രയിക്കേണ്ടിവരില്ല. മദ്ധ്യേഷ്യ-യൂറോപ്പ്, റഷ്യ, ഗൾഫ് എന്നിവയുമായുള്ള ഇന്ത്യയുടെ വ്യാപാരത്തിന് ഗുണകരമാകും.
2040ൽ 2.32 കോടി കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനാവുമെന്നാണ് കണക്ക്. റോഡ്, റെയിൽ കണക്ടിവിറ്രിയൊരുക്കാൻ മഹാരാഷ്ട്ര സർക്കാർ പദ്ധതികളാരംഭിച്ചു. ഡൽഹി-മുംബയ് വ്യാവസായിക ഇടനാഴിയുമായി തുറമുഖത്തെ ബന്ധിപ്പിക്കും. മുംബയ് ജവഹർലാൽ നെഹ്റു പോർട്ട് അതോറിട്ടി, മഹാരാഷ്ട്ര മാരിടൈം ബോർഡ് എന്നിവയുടെ ഓഹരി പങ്കാളിത്തത്തോടെയാണ് നിർമ്മാണം.
9 കണ്ടെയ്നർ ടെർമിനൽ
1000 മീറ്റർവീതം നീളമുള്ള ഒമ്പത് കണ്ടെയ്നർ ടെർമിനലുകൾ വാധ്വാനിലുണ്ടാവും. ലിക്വിഡ് കാർഗോ കൈകാര്യം ചെയ്യാൻ നാല് ബർത്ത്. ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴിയിലെ തന്ത്രപ്രധാന കേന്ദ്രമായിരിക്കും. വിഴിഞ്ഞത്തേതുപോലെ എക്സിം (കയറ്റുമതി- ഇറക്കുമതി) തുറമുഖം.
വിഴിഞ്ഞവും വാധ്വാനും
1.ഇന്ത്യൻ മഹാസമുദ്രത്തിന് ചുറ്റുമുള്ള എല്ലാരാജ്യങ്ങൾക്കും ഗുണകരമാവുന്ന, അറബിക്കടലിലെ തന്ത്രപ്രധാന സ്ഥാനത്താണ് വിഴിഞ്ഞം. വലിയകപ്പലുകളിലെ കണ്ടെയ്നറുകൾ ഇറക്കിവച്ച് ചെറിയ കപ്പലുകളിൽ വിതരണംചെയ്യുന്ന ട്രാൻസ്‌ഷിപ്പ്മെന്റ് തുറമുഖം
2.ഇന്ത്യൻ മഹാസമുദ്രത്തെയും പേർഷ്യൻ ഗൾഫിനെയും ഇറാൻവഴി കാസ്പിയൻ കടലിലേക്കും തുടർന്ന് വടക്കൻ യൂറോപ്പിലേക്കും ബന്ധിപ്പിക്കുന്ന ഇന്റർനാഷണൽ നോർത്ത് സൗത്ത് ട്രാൻസ്പോർട്ട് കോറിഡോറിന്റെ ഭാഗമാണ് വാധ്വാൻ. പി.എം ഗതിശക്തിയടക്കം പദ്ധതികളിൽ നിന്ന് അടിസ്ഥാനസൗകര്യ വികസനത്തിനും വ്യാവസായിക വളർച്ചയ്ക്കും പണംകിട്ടുന്നുണ്ട്.
76,220 കോടി
നിർമ്മാണ ചെലവ്
12 ലക്ഷം
നേരിട്ടുള്ള തൊഴിലവസരം
ഒരു കോടി
പരോക്ഷമായി സൃഷ്ടിക്കപ്പെടുന്ന
തൊഴിലവസരം