കരിങ്ങാലിയിൽ താമരപ്പൂ വസന്തം

Monday 19 May 2025 12:38 AM IST

പന്തളം: കരിങ്ങാലിപ്പാടത്ത് വിരിഞ്ഞ താമരപ്പൂക്കൾ കാണാനും പറിച്ചെടുക്കാനും കുട്ടികളുടെയും മുതിർന്നവരുടെയും തിരക്കേറി. വർഷങ്ങളായി തരിശുകിടക്കുന്ന പാടത്താണ് താമരപ്പൂ വസന്തം തീർത്തത്. പന്തളം നഗരസഭയിൽ ഉൾപ്പെട്ട മണ്ണിക്കൊല്ലയ്ക്ക് സമീപം തരിശുകിടക്കുന്ന പാടശേഖരത്തിലെ വെള്ളക്കെട്ടിലാണ് താമരവിരിഞ്ഞത്. മൂന്നേക്കറോളം പാടം നിറയെ പൂത്തുലഞ്ഞ് നിൽക്കുകയാണ്. സമീപവാസികളിൽ ചിലർ നട്ട വിത്താണ് വളർന്ന് പൂവിട്ടത്. അസ്തമയം കാണാനും പക്ഷികളെ കാണാനും പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും ധാരാളം ആളുകളെത്തുന്ന കരിങ്ങാലിപ്പാടത്ത് താമരപ്പൂക്കൾ കൂടി വിരിഞ്ഞതോടെ ജില്ലയ്ക്ക് പുറത്തുനിന്നുവരെ സഞ്ചാരികൾ എത്തുന്നുണ്ട്.