പുലിവാൽ പിടിച്ചത് പൊലീസ്: ജി.സുധാകരൻ

Monday 19 May 2025 12:42 AM IST

ആലപ്പുഴ: പോസ്റ്റൽ ബാലറ്റ് തിരുത്തിയെന്ന വെളിപ്പെടുത്തൽ ഒരു പ്രസംഗതന്ത്രം മാത്രമായിരുന്നെന്ന് മുൻ മന്ത്രി ജി. സുധാകരൻ പറഞ്ഞു. നെഗറ്റീവായ കാര്യം പറഞ്ഞ് പോസിറ്റീവാക്കാനുള്ള പ്രസംഗ തന്ത്രമാണ് ഉപയോഗിച്ചത്. വോട്ട് മാറി ചെയ്യുന്നത് അറിയാൻ കഴിയുമെന്നാണ് പറഞ്ഞത്. വോട്ട് തിരുത്തി എന്നല്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജി. സുധാകരൻ.

കേസെടുത്തതോടെ പൊലീസാണ് പുലിവാലുപിടിച്ചിരിക്കുന്നത്. എവിടെയാണ് തെളിവുള്ളത്. തിടുക്കത്തിൽ എന്തിന് കേസെടുത്തെന്ന് ജില്ല പൊലീസ് മേധാവിയോട് ചോദിക്കണം. ജസ്റ്റിസ് കെമാൽ പാഷ വരെ കേസെടുത്തത് തെറ്റായി എന്ന് പറഞ്ഞു. കേരളത്തിലെ അഭിഭാഷക ലോകം മുഴുവൻ തനിക്കൊപ്പമുണ്ട്. ''ഇതുമായി ബന്ധപ്പെട്ട് ഒരു നേതാവും എന്നെ വിളിച്ചില്ല. ഞാനും വിളിച്ചിട്ടില്ല. ഞാൻ പ്രസംഗിച്ചത് പൊതുജനത്തോടല്ല. യൂണിയൻ ഭാരവാഹികൾ പങ്കെടുത്ത പരിപാടിയിലാണ്. ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് സ്ഥാനാർത്ഥിവരെ പറഞ്ഞു. ഇനിയെന്ത് തെളിവാണ് പൊലീസിന് ലഭിക്കുക. മുൻകൂർ ജാമ്യാപേക്ഷ നൽകില്ല. പൊലീസ് അറസ്റ്റു ചെയ്യാൻ വരുന്നത് കാത്തുനിൽക്കുകയാണ്. ഞാൻ എന്ത് തെറ്റാണ് ചെയ്തതെന്ന് പൊലീസ് കോടതിയിൽ പറയട്ടേ. എനിക്ക് പറയാനുള്ളത് അവിടെ പറഞ്ഞോളം. കേസെടുത്തതിൽ ഗൂഢാലോചനയുണ്ടോയെന്ന് അറിയില്ല. എന്തായാലും നല്ല ആലോചനയല്ല. രാജ്യത്തിന്റെ നിയമവ്യവസ്ഥയെ മുഴുവൻ വെല്ലുവിളിച്ച ആൾക്കെതിരെ എന്ത് നിയമനടപടി സ്വീകരിച്ചു? ഒരു മാസം എടുത്താണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. എനിക്കെതിരെ മൂന്ന് ദിവസത്തിനുള്ളിൽ ജാമ്യമില്ലാവകുപ്പ് ചുമത്തി."" ഇതുവരെ താൻ ഒരു രൂപ അഴിമതിക്കാശ് ഉണ്ടാക്കുകയോ മുന്തിയ ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുകയോ ചെയ്തിട്ടില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.