സെവൻ സീറ്റർ റൂമിയോൺ വാങ്ങാൻ വൻ തിരക്ക്

Monday 19 May 2025 12:46 AM IST

കൊച്ചി: ഇന്നോവ വാങ്ങാൻ പോക്കറ്റ് അനുവദിക്കാത്തവ‌ർക്ക് ടൊയോട്ട പുതിയ അവസരമൊരുക്കുന്നു. ഇ.വി സെവൻ സീറ്റർ വാഹനം വാങ്ങുന്നതിന് ചെലവ് കുറഞ്ഞ റൂമിയോൺ എന്ന മൾട്ടി പർപ്പസ് വാഹനമാണ് അവതരിപ്പിക്കുന്നത്. ഇന്നോവയുമായി മത്സരിക്കുന്ന മാരുതി എർട്ടിഗയുടെ റീബാഡ്ജ് പതിപ്പാണെങ്കിലും ടൊയോട്ട ബ്രാൻഡിലാണ് വാഹനം വിപണിയിലെത്തുന്നത്. മാരുതി എർട്ടിഗയിലെ 1.5 ലിറ്റർ നാച്ചുറലി ആസ്‌പിറേറ്റഡ് പെട്രോൾ എൻജിനാണ് ടൊയോട്ട റൂമിയോണിന് കരുത്തേകുന്നത്. 102 ബി.എച്ച്.പി കരുത്തിൽ പരമാവധി 137 എൻ.എം ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി തിരഞ്ഞെടുക്കാം. മാനുവൽ ലിറ്ററിന് 20.11 കിലോമീറ്ററും പെട്രോൾ ഓട്ടോമാറ്റിക്കിന് 20.51 കിലോമീറ്റർ മൈലേജുമാണ് അവകാശപ്പെടുന്നത്.

ഉയർന്ന ഇന്ധന ക്ഷമത

കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിലെ പ്രവർത്തനക്ഷമത കുറവാണെങ്കിലും ഉയർന്ന ഇന്ധനക്ഷമതയാണ് എം.പി.വി നൽകുന്നത്. സി.എൻ.ജിയിൽ കാറിന് 87 ബി.എച്ച്.പി പവറിൽ 121 എൻ.എം ടോർക്ക് വരെ നൽകാനാകും. കിലോഗ്രാമിന് 26.11 കിലോമീറ്റർ മൈലേജും ലഭിക്കും.

മോഡലുകൾ

എസ് മാനുവൽ, എസ് ഓട്ടോമാറ്റിക്, വി മാനുവൽ, വി ഓട്ടോമാറ്റിക്, എസ് മാനുവൽ സി.എൻ.ജി എന്നിങ്ങനെ ആറ് വേരിയന്റുകളിൽ ടൊയോട്ട റൂമിയോൺ സ്വന്തമാക്കാം.

വില 10.54 ലക്ഷം രൂപ മുതൽ

7സീറ്റർ എം.പി.വിയുടെ ബേസ് മോഡലിന് 10.54 ലക്ഷം രൂപയും ടോപ്പ് എൻഡ് വേരിയന്റിന് 13.83 ലക്ഷം രൂപയുമാണ് വില.

വിവിധ നിറങ്ങളിൽ ലഭ്യം സ്പങ്കി ബ്ലൂ, കഫേ വൈറ്റ്, എന്റൈസിംഗ് സിൽവർ, ഐക്കോണിക് ഗ്രേ, റസ്റ്റിക് ബ്രൗൺ എന്നീ നിറങ്ങളിൽ

ലഭ്യം

ഡിസൈൻ

ഒരു ബേബി ഇന്നോവ ക്രിസ്റ്റയാണിത്. ഫ്രണ്ട് ഗ്രിൽ, പുതിയ ഫോഗ് ലാമ്പ് സറൗണ്ടുകൾ, ഡ്യുവൽടോൺ അലോയ് വീലുകൾ, പുതുക്കിയ ബമ്പർ എന്നിവയാണ് എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.

ആകർഷകമായ സൗകര്യങ്ങൾ

7.0 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്‌ടിവിറ്റി, റിയർ എ.സി വെന്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കൂൾഡ് കപ്പ് ഹോൾഡറുകൾ, ഒന്നിലധികം യുഎസ്ബി ചാർജിംഗ് പോർട്ടുകൾ തുടങ്ങിയ ഫീച്ചറുകൾ ലഭിക്കും.

വിൽപ്പന കൂടി

കഴിഞ്ഞ മാസം എം.പി.വിയുടെ 2,462 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. മുൻവർഷം ഇതേകാലയളവിനേക്കാൾ ടൊയോട്ട റൂമിയോണിന്റെ വിൽപ്പന 107 ശതമാനം ഉയർന്നു.