ആരും തന്നെ തഴഞ്ഞിട്ടില്ല, ഉറപ്പാണ് ഭരണത്തുടർച്ച

Monday 19 May 2025 12:14 AM IST

സി.പി.എമ്മിന്റെ ജനകീയമുഖം എന്ന നിലയിൽ പേരെടുത്ത നേതാവാണ് എ. പ്രദീപ് കുമാർ. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ അമരക്കാരനായും,എം.എൽ.എയായും ജനപ്രീതിയാർജിച്ച സി.പി.എമ്മിന്റെ ചിരിക്കുന്ന മുഖമായ പ്രദീപ് കുമാറിന് പുതിയ നിയോഗം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. കേരളകൗമുദിയോട് നടത്തിയ ഹൃസ്വസംഭാഷണം.

?മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പദം പ്രതീക്ഷിച്ചിരുന്നോ

ഒരിക്കലുമില്ല,ഞാനിത്രയും കാലം പ്രവർത്തിച്ച പാർട്ടി സംവിധാനത്തിൽ നിന്നും മാറിയുള്ള ദൗത്യമാണ്. എങ്കിലും പാർട്ടി തികഞ്ഞ ബോദ്ധ്യത്തോടെ ഏൽപ്പിച്ച പദവി. നല്ല രീതിയിൽ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ.

?നാലാം വർഷത്തിൽ പ്രദീപ് കുമാറിൽ നിന്ന് സർക്കാർ എന്താണ് പ്രതീക്ഷിക്കുന്നത്

അങ്ങനെ പ്രതീക്ഷകളൊന്നുമില്ല. മുഖ്യമന്ത്രിയാണ് ആദ്യം വിളിച്ചുപറഞ്ഞത്. കെ.കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറിയായപ്പോൾ വന്ന ഒഴിവാണ്. എന്നെ സംബന്ധിച്ച് പുതിയ മേഖല. കാര്യങ്ങൾ പഠിക്കണം. കേരളത്തിലെ കരുത്തനായ മുഖ്യമന്ത്രിക്ക് കീഴിൽ പ്രവർത്തിക്കുമ്പോൾ പ്രത്യേകിച്ച് ഗൃഹപാഠത്തിന്റെ ആവശ്യമില്ല.

?സി.പി.എമ്മിലെ ജനകീയമുഖമെന്ന വിശേഷണമാണ് പ്രദീപ് കുമാറിനുള്ളത്. അതാണോ സർക്കാർ ഉന്നംവയ്ക്കുന്നത്

ഈ സർക്കാർ ജനകീയ സർക്കാരാണ്. അപ്പോൾ പിന്നെ കൂടുതൽ ജനകീയമാക്കുക എന്ന വിശേഷണത്തിന്റെ ആവശ്യമില്ല. എം.എൽ.എയായിരുന്നപ്പോൾ നടത്തിയ പ്രവർത്തനങ്ങൾ,അതിന്റെ ജനകീയത ഒരുപക്ഷേ എനിക്കുള്ള പരിഗണനയായിട്ടുണ്ടാകാം.

?വലിയ ഉത്തരവാദിത്വമാണ്. മൂന്നാം പിണറായി സർക്കാർ ഉണ്ടാകുമോ

കേരള ജനതയ്ക്ക് അതിൽ സംശയമേതുമില്ല. ഇടത് സർക്കാർ കഴിഞ്ഞ കാലങ്ങളിൽ ചെയ്തതെല്ലാം നേട്ടങ്ങൾ മാത്രമാണ്. മറിച്ചുള്ളവയെല്ലാം യു.ഡി.എഫും മാദ്ധ്യമങ്ങളും പെരുപ്പിച്ച് കാട്ടുന്നത്. ഒരു മൂന്നാം ഇടത് സർക്കാർ കേരളത്തിൽ ഉറപ്പാണ്. അതിൽ എ. പ്രദീപ് കുമാറിന്റെ സംഭാവനയും ഉണ്ടാകും.

?മുതിർന്ന നേതാവെന്ന നിലയിൽ അർഹിക്കുന്ന പരിഗണന പലപ്പോഴും കിട്ടിയിട്ടില്ലല്ലോ

ആരു പറഞ്ഞു. എന്റെ കഴിവിനും പ്രാപ്തിക്കും പറ്റുന്ന പരിഗണനയെല്ലാം എല്ലാ കാലത്തും നൽകിയിട്ടുണ്ട്. അതിൽ എനിക്കൊരു പരാതിയുമില്ല. എസ്.എഫ്.ഐയിൽ തുടങ്ങിയതാണ്. ഇപ്പോൾ പാർട്ടിയുടെ സംസ്ഥാന സമിതി അംഗമെന്നത് ചെറിയ കാര്യമാണോ.