കെ.പി.സി.സി ഭാരവാഹി പുന:സംഘടന വൈകാതെ, പൊട്ടിത്തെറി ഒഴിവാക്കാൻ ശ്രമം

Monday 19 May 2025 12:14 AM IST

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് സംഘടനാ സംവിധാനം പൂർണ സജ്ജമാക്കാൻ ലക്ഷ്യമിട്ട് കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും പുന:സംഘടന വൈകാതെ നടത്താൻ കോൺഗ്രസ് നേതൃത്വം. വലിയ പൊട്ടിത്തെറികളില്ലാതെ കെ.പി.സി.സി അദ്ധ്യക്ഷനെയും വർക്കിംഗ് പ്രസിഡന്റുമാരെയും നിയമിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് മറ്റ് ഭാരവാഹി പുന:സംഘടനയിലേക്ക് കടക്കുന്നത്.

പൊട്ടിത്തെറി ഒഴിവാക്കാൻ വിശദമായ പരിശോധനകളിലൂടെയും ചർച്ചകളിലൂടെയും സമവായത്തിലൂടെയുമാവും നടപ്പാക്കുക. മുതിർന്ന നേതാക്കൾ, മുൻ കെ.പി.സി.സി അദ്ധ്യക്ഷന്മാർ, കോൺഗ്രസ് പ്രവർത്തക സമിതിയംഗങ്ങൾ എന്നിവരുമായും ചർച്ച ചെയ്യും. സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിട്ടുള്ളവരാവണം പാർട്ടി പദവികളിൽ എത്തേണ്ടതെന്നാണ് ഹൈക്കമാൻഡ് നിലപാട്. വിവാദങ്ങൾ പരമാവധി ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ഇന്ന് തലസ്ഥാനത്തെത്തുന്ന കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് നാലു ദിവസം ഇവിടെയുണ്ടാകും. പുതിയ കെ.പി.സി.സി നേതൃത്വം വന്നശേഷമുള്ള ആദ്യ നേതൃയോഗം 22ന് നടക്കും.

ജനറൽ സെക്രട്ടറിമാർ മാറും

23 ജനറൽ സെക്രട്ടറിമാരും നാല് വൈസ് പ്രസിഡന്റുമാരുമാണ് നിലവിൽ കെ.പി.സി.സിക്കുള്ളത്. ഇവരിൽ കുറെപ്പേർക്കെങ്കിലും ഒഴിയേണ്ടി വന്നേക്കാം. ഒമ്പത് ഡി.സി.സികളിൽ പുതിയ അദ്ധ്യക്ഷന്മാർ വരുമെന്നും സൂചനയുണ്ട്. തൃശൂർ, കോഴിക്കോട്, എറണാകുളം, മലപ്പുറം, കണ്ണൂർ ഡി.സി.സികളിലാണ് മാറ്റത്തിന് സാദ്ധ്യത കുറവ്. എങ്കിലും അവസാനഘട്ട ചർച്ചകളിൽ ഇവിടങ്ങളിലും മാറ്റങ്ങൾ വന്നുകൂടായ്കയില്ല.

സംഘടനാ പരിപാടികൾ

ശക്തമാക്കും

വയനാട് ചിന്തൻശിബിരത്തിൽ രൂപംകൊടുത്ത മിഷൻ 25 പ്രകാരം തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടു തുടങ്ങിയ സംഘടനാ പരിപാടികൾ ശക്തമാക്കും

ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മാനന്തവാടിയിൽ നിയോജക മണ്ഡലം കൺവെൻഷൻ നടന്നു. പഞ്ചായത്ത് അടിസ്ഥാനത്തിലും പരിപാടികൾ നടത്തും