വ്യാജനെ പൂട്ടാൻ ഗൂഗിൾ നാനോ
തിരുവനന്തപുരം: വ്യാജ വാർത്തകളും സൈബർ ആക്രമണങ്ങളും തടയാൻ സംവിധാനവുമായി ഗൂഗിൾ. നിർമ്മിതബുദ്ധിയിൽ അധിഷ്ഠിതമായ ലാർജ് ലാംഗ്വേജ് മോഡലായ 'നാനോ" വെബ് ബ്രൗസറായ ക്രോമിൽ കൊണ്ടുവരും. ആന്റിവയറസ് സംവിധാനങ്ങളെക്കാൾ ഇരട്ടി സുരക്ഷ ഇത് നൽകും. ആദ്യഘട്ടമായി കമ്പ്യൂട്ടറുകളിൽ സംവിധാനം കൊണ്ടുവന്നു. ആൻഡ്രോയ്ഡ് ഫോണുകളിൽ ഈമാസം എത്തിക്കും.
നിർമ്മിതബുദ്ധി ഉപയോഗിച്ചാണ് തട്ടിപ്പുകാർ വ്യാജ വെബ്സൈറ്റുകൾ നിർമ്മിക്കുന്നത്. ഇത് വ്യാജമാണോയെന്ന് തിരിച്ചറിയാൻ പ്രയാസമാണ്. മാൽവെയറുകളും വയറസും ഫോണിലേക്ക് കടത്തിവിടുന്നതിന് പുറമേ, 80 ശതമാനത്തിലധികം വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നത് ഇത്തരം സൈറ്റുകളാണ്. ഇവ ക്ഷണനേരം കൊണ്ട് നാനോ കണ്ടെത്തും. ഗൂഗിളിൽ ഇത്തരം സൈറ്റുകൾ പ്രത്യക്ഷപ്പെടുന്നത് തടയും. നേരത്തെ ഫോണിൽ കടന്നുകൂടിയ വയറസുകൾ, സൈറ്റുകൾ എന്നിവ കണ്ടെത്തി നശിപ്പിക്കും. വ്യാജവും തെറ്റിദ്ധാരണാജനകവുമായ നോട്ടിഫിക്കേഷനുകൾ ലഭിക്കുമ്പോൾ മുന്നറിയിപ്പ് നൽകും. ഭാവിയിൽ വരുന്നതും തടയും. വ്യാജ ലിങ്കുകൾ കണ്ടെത്തി നശിപ്പിക്കും. വ്യാജ കസ്റ്റമർ സപ്പോർട്ട് നമ്പറുകൾ കണ്ടെത്തി ബ്ലോക്ക് ചെയ്യും.
20 മടങ്ങ് മികവ്
നാനോയിലൂടെ 70 ശതമാനം വരെ തട്ടിപ്പുകളിൽ കുറവ് വരുമെന്നാണ് ഗൂഗിളിന്റെ കണ്ടെത്തൽ. നിർമ്മിതബുദ്ധിയുടെ ഉപയോഗത്തിലൂടെ 20 മടങ്ങ് കൂടുതൽ സ്പാം പേജുകൾ കണ്ടെത്താനായെന്ന് സൈബർ സുരക്ഷാ മേഖലയുമായി ബന്ധപ്പെട്ട് ഗൂഗിൾ പുറത്തിറക്കിയ ഫൈറ്റിംഗ് സ്കാംസ് ഇൻ സെർച്ച് റിപ്പോർട്ടിൽ പറയുന്നു.