പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള ഏക പോംവഴി, ഈ മാസം കോളടിച്ചത് ഇവർക്ക്

Monday 19 May 2025 1:29 AM IST

കോട്ടയം : സ്കൂൾ തുറപ്പ് അടുത്തതോടെ തയ്യൽക്കടകളിലും തിരക്കായി. രാവും പകലും തുന്നിയിട്ടും യൂണിഫോമുകളുടെ ഓർഡർ തീർക്കാൻ കഴിയാതെ വിഷമിക്കുകയാണ് പല തയ്യൽക്കാരും. സ്കൂൾ സീസൺ പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള ഏക പോംവഴിയായതിനാൽ ഉറക്കമിളച്ചും ജോലിയിൽ മുഴുകുന്നവരേറെയാണ്. ദിനംപ്രതി നിരവധി രക്ഷകർത്താക്കളും കുട്ടികളുമാണ് യൂണിഫോം തുണിയുമായി എത്തുന്നത്. പുതിയതായി രണ്ടു ജോഡിയെങ്കിലും ഓരോ കുട്ടിയ്ക്കും വാങ്ങണം. ഓരോ സ്‌കൂളിനും യൂണിഫോം വ്യത്യസ്തമാണെന്നതിനാൽ റെഡിമെയ്ഡ് വിപണിയിൽ നിന്നുള്ള വാങ്ങലും സാദ്ധ്യമല്ല. കടയിൽ നിന്ന് തുണി വാങ്ങി തയ്യൽക്കാരെ ഏൽപ്പിക്കുകയാണ് മാതാപിതാക്കൾ.

ഇപ്പോൾ യൂണിഫോമുകൾ മാത്രം

മറ്റ് തയ്യൽ ജോലികൾ തത്കാലത്തേക്ക് നിറുത്തി യൂണിഫോം തയ്ച്ചുകൊടുക്കുമെന്ന പ്രത്യേക ബോർഡ് തൂക്കിയവരുമുണ്ട്. സ്വകാര്യ സ്‌കൂളുകൾ, മൊത്തമായി തുണി വാങ്ങി കുട്ടികളുടെ അളവെടുത്ത ശേഷം ഏതെങ്കിലും ഒരു തയ്യൽക്കാരനെ ഏൽപ്പിക്കുകയാണ്. ആയിരത്തിലേറെ കുട്ടികൾ പഠിക്കുന്ന ഒന്നിലേറെ സ്‌കൂളുകളുടെ കരാർ എടുത്ത തയ്യൽക്കാരുമുണ്ട്. ദിവസക്കൂലിയ്ക്ക് ജോലിക്കാരെ നിറുത്തിയാണ് ഇവർ നിശ്ചിത സമയത്ത് ജോലി തീർക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഓർഡർ നൽകിയ പലർക്കും ജൂൺ പകുതിയോടെ മാത്രമേ യൂണിഫോം ലഭിക്കുകയുള്ളൂ.

തുണിയ്ക്ക് വിലകൂടി

യൂണിഫോം തുണികൾക്ക് 15 ശതമാനത്തിന് മേൽ ഇക്കുറി വിലകൂടി. തയ്യൽക്കൂലിയും വർദ്ധിച്ചു.

കൂലിയിങ്ങനെ.

ഷർട്ട് : 230 -280 രൂപ.

പാന്റ്സ് : 360 - 420രൂപ

40 വർഷമായി തയ്യൽ രംഗത്തുണ്ട്. സ്കൂൾ സീസൺ സമയമാണ് ഞങ്ങളുടെ പ്രതീക്ഷ. ധാരാളം യൂണിഫോമുകൾ തയ്ക്കാനായി എത്തിയിട്ടുണ്ട്

- (ജോസ്, കുറുപ്പന്തറ).