മീനാക്ഷിക്ക് പിന്നാലെ അനുജത്തി നീതുവും യാത്രയായി...
കൊല്ലം: മീനാക്ഷി പോയതിന്റെ കണ്ണീർ നനവ് ഉണങ്ങും മുമ്പേയാണ് അനുജത്തി നീതുവും യാത്രയായത്. മീനാക്ഷിക്ക് അരികിൽ നീതുവിനെ അടക്കുമ്പോൾ അച്ഛൻ മുരളിയും അമ്മ ശ്രീജയും ഉള്ള് പിടഞ്ഞ് നിലവിളിക്കുന്നതിനിടയിലും പ്രാർത്ഥിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഇളയമകന്റെ ജീവനെങ്കിലും രക്ഷിക്കണേയെന്ന്. അധികൃതരുടെ അനങ്ങാപ്പാറ നിലപാടാണ് ഈ രക്ഷിതാക്കൾക്ക് രണ്ട് മക്കളെ ദിവസങ്ങൾക്കുള്ളിൽ നഷ്ടമാകുന്ന സ്ഥിതി സൃഷ്ടിച്ചത്. ഇളയമകനെ അത്യാസന്ന നിലയിലാക്കിയിരിക്കുന്നത്.
കുടിവെള്ളം മലിനമായിട്ടും
തിരിഞ്ഞുനോക്കിയില്ല
വേനൽ കാലത്ത് കല്ലട കനാൽ തുറന്നുവിടുമ്പോൾ പൊട്ടലുള്ള ഭാഗങ്ങളിലൂടെ ജലം ചേരിക്കോണത്തെ തലച്ചിറ ചിറയിലും വന്ന് നിറയും. ചിറയിൽ ജലനിരപ്പ് ഉയരുന്നതോടെ തൊട്ടടുത്തുള്ള തലച്ചിറ നഗറിലെ കിണറുകളിലും സെപ്ടിക് ടാങ്കുകളിലും ജലനിരപ്പ് ഉയരും. കനാലിൽ കുന്നുകൂടിയ ചീഞ്ഞഴുകിയ മാലിന്യമാണ് തലച്ചിറ ചിറയിലേക്ക് ഒഴുകുന്നത്. മൂന്നും നാലും സെന്റിലാണ് തലച്ചിറ നഗറിലെ പല കുടുംബങ്ങളും താമസിക്കുന്നത്. അതുകൊണ്ട് തന്നെ കിണറുകളും സെപ്ടിക് ടാങ്കുകളും അടുത്തടുത്താണ്. അതിനാൽ മണ്ണിനടിയിൽ ജലനിരപ്പ് ഉയരുമ്പോൾ സെപ്ടിക് ടാങ്കിൽ നിന്ന് മലിനജലം കിണറുകളിലേക്ക് നിറയും. ഇത്തരത്തിൽ മലിനമായ കിണറ്റിലെ ജലം കുടിച്ചാകാം മുരളിയുടെ മൂന്ന് മക്കൾക്കും മഞ്ഞപ്പിത്തം ബാധിച്ചത്. ഇത്തവണ കിണറുകളിൽ മലിനജലം നിറഞ്ഞിട്ടും യാതൊരു പ്രതിരോധ പ്രവർത്തനത്തിനും അധികൃതർ തയ്യാറായില്ല. പതിവ് പ്രശ്നമായിട്ടും ശാശ്വതമായി പരിഹരിക്കാനുള്ള ഇടപെടലും ഉണ്ടായില്ല. മീനാക്ഷി മരിച്ചതിന് പിന്നാലെ പ്രദേശത്തെ 15 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്.
പാവങ്ങളിൽ പാവങ്ങൾ
പാവങ്ങളിൽ പാവങ്ങളാണ് തലച്ചിറ നഗറിലെ മുരളിയും കുടുംബം. ചെണ്ടകൊട്ട് കലാകാരനാണ് മുരളി. ചെണ്ടകൊട്ട് ഇല്ലാത്ത ദിവസങ്ങളിൽ കൂലിപ്പണിക്ക് പോകും. പട്ടയമില്ലാത്ത നാല് സെന്റിലാണ് താമസം. പ്ലസ്ടുവിന് ശേഷം നഴ്സിംഗിന് ചേരാനിരിക്കെയായിരുന്നു മീനാക്ഷിയുടെ മരണം. ഈ വേർപാടിന്റെ ദുഃഖത്തിൽ നിന്ന് കരകയറും മുമ്പേയാണ് ഇളയ മകൾ നീതുവിനെയും മുരളിക്കും ശ്രീജയ്ക്കും നഷ്ടമായത്.
മെഡിക്കൽ കോളേജിൽ
കിടന്നത് തറയിൽ
രണ്ടാഴ്ച മുമ്പ് മുരളിയുടെ ഇളയ മകൻ അമ്പാടിക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. മെഡിക്കൽ കോളേജിൽ ചികത്സയിലായിരുന്ന സമയത്ത് പായ വിരിച്ച് നിലത്താണ് കുടുംബം കഴിഞ്ഞിരുന്നത്. മെഡി. കോളേജിൽ ചികത്സയിലായിരിക്കുമ്പോഴാണ് പെൺകുട്ടികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിക്കുന്നതും മരണത്തിന് കീഴടങ്ങുന്നതും. ഇവിടുത്തെ ചികിത്സയിൽ കാര്യമായ പുരോഗതി കാണാതെ വന്നതോടെയാണ് അമ്പാടിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അപകടനില തരണം ചെയ്തെങ്കിലും മഞ്ഞപ്പിത്തം കരളിൽ ബാധിച്ചതിനാൽ തീവ്രപരിചരണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്.
ചേരിക്കോണത്തെ സാഹചര്യം ഗുരുതരമാണ്. ആരോഗ്യവകുപ്പിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണം. രണ്ട് കുട്ടികൾ മരണപ്പെട്ടിട്ടും ഡി.എം.ഒ പോലും സ്ഥലത്തെത്താൻ തയ്യാറായിട്ടില്ല. അടിയന്തരമായി ആ മേഖലയിൽ മെഡിക്കൽ ക്യാമ്പ് നടത്തി രോഗം ബാധിച്ചവരെ കണ്ടെത്തി, കൃത്യമായുള്ള ചികിത്സ കൊടുക്കാൻ തയ്യാറാവണം. മാലിന്യങ്ങൾ, തോട്ടിലും, കനാലിലും അടിഞ്ഞുകൂടി ആ മേഖലയിലെ ജലസ്രോതസുകളും, വീടുകളിലെ കിണറുകളും മലിനമാകുന്നതിന് അടിയന്തര പരിഹാരം കാണണം.
പി.സി. വിഷ്ണുനാഥ് എം.എൽ.എ