മലബാറിൽ ജനങ്ങൾക്ക് ഗ്രാസ്‌കാർപ്പും കട്ട്‌ളയുമടക്കം ഫ്രഷ് മീൻ ഇനി ഇവിടെനിന്ന് ലഭിക്കും, കൃഷി അടുത്ത മാസം തുടങ്ങും
പൊന്നാനി: പൊന്നാനി താലൂക്കിൽ നെൽകൃഷിക്ക് ശേഷം മത്സ്യകൃഷിക്ക് ഒരുങ്ങുകയാണ് കോൾനിലങ്ങൾ. വർഷത്തിൽ ഒരിക്കലേ കോൾ നിലങ്ങളിൽ നെൽകൃഷി സാദ്ധ്യമാകൂ. ഡിസംബർ മുതൽ മേയ് വരെ നീളുന്നതാണ് കോൾകൃഷി. മഴക്കാലങ്ങളിലാണ് മത്സ്യക്കൃഷിക്ക് തുടക്കമാവുക. ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ മത്സ്യകൃഷി തകൃതിയായി നടക്കും. സർക്കാരിന്റെ ഒരു നെല്ലും മീനും പദ്ധതിയടക്കമുള്ളവ കർഷകർക്ക് ഏറെ പ്രാത്സാഹനമാവുന്നുണ്ട്.
പ്രധാനമായും കട്ട്ള, രോഹു, മൃഗാൾ, ഗ്രാസ്‌കാർപ്പ് തുടങ്ങിയ മത്സ്യങ്ങളാണ് പദ്ധതി പ്രകാരം വളർത്തുക. പൊന്നാനി താലൂക്ക് പരിധിയിൽ പ്രധാനമായും വെളിയങ്കോട്, നന്നംമുക്ക്, ആലങ്കോട്, എടപ്പാൾ, പെരുമ്പടപ്പ് പഞ്ചായത്തുകളിലാണ് മത്സ്യകൃഷി നടക്കുന്നത്. കർഷകർക്ക് സൗജന്യമായി മത്സ്യക്കുഞ്ഞുങ്ങളെ നൽകും.ഹെക്ടറിന് 3000 മത്സ്യകുഞ്ഞുങ്ങൾ വരെ ലഭിക്കും. വലിയ രീതിയിൽ തീറ്റ കൊടുക്കേണ്ടതില്ല. തീറ്റ കൂടുതൽ നൽകിയാൽ മത്സ്യങ്ങൾക്ക് കൂടുതൽ തൂക്കം ലഭിക്കും.
ബണ്ട് തകർച്ചയും കാലം തെറ്റിയുള്ള മഴയും തിരിച്ചടി നൽകാറുണ്ടെന്നതിനാൽ കോൾക്കൃഷിയിൽ നഷ്ടസാദ്ധ്യത ഏറെയാണ്. ഇത്തരത്തിലുണ്ടാവുന്ന നഷ്ടം നികത്താനും മത്സ്യക്കൃഷി കർഷകർക്ക് സഹായകമാവുന്നുണ്ട്.
വെല്ലുവിളികളേറെ
- കോൾ നിലങ്ങളിലെ മത്സ്യകൃഷി നേരിടുന്ന പ്രധാന ഭീഷണി ബണ്ട് തകർച്ചയാണ്. വലിയ തോതിൽ ബണ്ട് തകർച്ച ഉണ്ടായാൽ മുഴുവൻ മത്സ്യവും ഒഴുകിപ്പോവും.
- പക്ഷികൾ വലിയ തോതിൽ മീനുകളെ പിടികൂടാറുമുണ്ട്.
- നാടൻ മത്സ്യങ്ങൾ വലിയ തോതിൽ ഇവയെ ആക്രമിക്കാൻ സാദ്ധ്യത കൂടുതലാണ്. ഇതൊഴിവാക്കാൻ പരമാവധി നഴ്സറി കെട്ടി തിരിച്ചു മത്സ്യകൃഷി നടത്തണം.
- കോൾകൃഷി ഏറ്റുവുമധികമുള്ള പൊന്നാനി താലൂക്ക് പരിധിയിൽ ഏകദേശം 300 ഹെക്ടറിൽ മത്സ്യക്കൃഷി നടക്കുന്നുണ്ട്. നൂറിലധികം ആളുകൾ ഗുണഭോക്താക്കളാണ്.
- മുൻപ് ലഭിച്ചിരുന്ന രീതിയിൽ ഗ്രാസ്‌കാർപ്പിന്റെ കുഞ്ഞുങ്ങളെ ഇപ്പോൾ ലഭിക്കുന്നില്ലെന്ന പരാതി കർഷകർക്കുണ്ട്. ഏറെ ഡിമാൻഡുള്ള മത്സ്യമാണിത്.