'1962' വിളിച്ചാൽ മൃഗാശുപത്രി വീട്ടുപടിക്കലെത്തും

Tuesday 20 May 2025 1:50 AM IST

കൊച്ചി: ഇടപ്പള്ളി ബ്ലോക്കിലെ ക്ഷീരകർഷകരുടെ കന്നുകാലികൾക്ക് രാത്രികാല വൈദ്യസഹായം ഇനി ഒരുവിളിപ്പാടകലത്തിൽ. '1962' എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ ഒരു വെറ്ററിനറി ഡോക്ടറും അറ്റൻഡറും അടങ്ങുന്ന മൃഗാശുപത്രി വീട്ടുപടിക്കൽ എത്തും. സംസ്ഥാന മൃഗസംരക്ഷണ വകുപ്പാണ് ക്ഷീരകർഷകർക്ക് രാത്രികാലത്ത് അടിയന്തര സേവനം ഉറപ്പുവരുത്തുന്നതിന് മൊബൈൽ വെറ്ററിനറി യൂണിറ്റ് ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ നാല് യൂണിറ്റുകളിൽ ഒന്നാണ് ഇടപ്പള്ളിയിൽ ആരംഭിച്ചത്. വൈകിട്ട് 6മുതൽ രാവിലെ 5വരെയാണ് പ്രവർത്തനം. സേവനത്തിന് സർക്കാർ അംഗീകൃത നിരക്കുകൾ നൽകണം. മൊബൈൽ യൂണിറ്റിൽ സ്ഥാപിച്ചിരിക്കുന്ന ക്യു ആർ കോഡ് വഴി പണം അടയ്ക്കാം. യൂണിറ്റിലേക്ക് ആവശ്യമായ മരുന്നും ഡീസൽ ഉൾപ്പെടെ മറ്റു ചെലവുകളും ഇടപ്പിള്ളിബ്ലോക്ക് പഞ്ചായത്തിൽപ്പെട്ട ചേരാനല്ലൂർ, എളങ്കുന്നപ്പുഴ, കടമക്കുടി, മുളവ് കാട് ഗ്രാമപഞ്ചായത്തുകൾ വഹിക്കും. ചേരാനെല്ലൂരിൽ നടന്ന ചടങ്ങിൽ ടി.ജെ വിനോദ് എം.എൽ.എ മൊബൈൽ വെറ്ററിനറി യൂണിറ്റ് ഫ്ലാഗ് ഓഫ് ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജി. സജി കുമാർ ജി പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രസികല പ്രിയരാജ് (എളങ്കുന്നപ്പുഴ), വി.എസ്, അക്ബർ (മുളവുകാട്) ചേരാനല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരിഫ് മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷ് സ്വാഗതവും സീനിയർ വെറ്ററിനറി സർജൻ ഡോ.വി. പ്രീതി നന്ദിയും പറഞ്ഞു.