പരാക്രമം തലസ്ഥാനത്ത്, 30 പേരെ കടിച്ച് തെരുവു നായ

Tuesday 20 May 2025 4:02 AM IST

കവടിയാർ പ്രദേശത്ത് നിരവധി പേരെ കടിച്ച തെരുവ്നായ.

 പേയുണ്ടെന്ന് സംശയം

തിരുവനന്തപുരം: തലസ്ഥാന നഗരഹൃദയത്തിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി തെരുവ്നായ ആക്രമണം. കവടിയാർ, ജവഹർനഗർ, പൈപ്പിൻമൂട് മേഖലകളിൽ ഓടിനടന്ന് കടിച്ചത് 30 പേരെ. ഞായർ വൈകിട്ടും ഇന്നലെ രാവിലെയുമായിരുന്നു ആക്രമണം. കടിയേറ്റവർ ജനറൽ ആശുപത്രിയിലും സ്വകാര്യകാര്യ ആശുപത്രികളിലും ചികിത്സതേടി. ആരുടെയും മുറിവ് ഗുരുതരമല്ല.

നാട്ടുകാരുടെ പരാതിയെ തുടർന്ന് കോർപറേഷന്റെ നായപിടിത്ത സ്‌ക്വാഡ് നായയെ ഇന്നലെ ഉച്ചയ്ക്ക് പിടികൂടി. കവടിയാർ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തുനിന്നാണ് കിട്ടിയത്. നായയ്ക്ക് പേവിഷ ബാധയുണ്ടോയന്ന് ഹെൽത്ത് വിഭാഗം ഉറപ്പിച്ചിട്ടില്ല. എങ്കിലും, ഇത്രയധികം പേരെ കടിച്ചതിനാൽ ഇതു സംശയിക്കുന്നുണ്ട്.

ജവഹർ നഗർ, ഗോൾഫ് ലിങ്ക്സ് മേഖലയിൽ ആദ്യം മൂന്നു പേരെയാണ് കടിച്ചത്. പിന്നെ,​ കണ്ണിൽപ്പെട്ടവരെയൊക്കെ കടിച്ചു. ഗോൾഫ് ലിങ്ക്സ് ഭാഗത്ത് മാലിന്യം തള്ളുന്നതും ചിലർ പതിവായി ഭക്ഷണം കൊടുക്കുന്നതും കാരണം നായ്ക്കൾ ഇവിടെ പെരുകുന്നതായി നാട്ടുകാർ ആരോപിക്കുന്നു.

30 ദിവസം,​ കടിച്ചത്

290 പേരെ

 കഴിഞ്ഞ 30 ദിവസത്തിനിടെ നായകടിയേറ്റ് ജനറൽ ആശുപത്രിയിൽ എത്തിയത് 290 നഗരവാസികൾ

 വാക്‌സിനും ഇമ്മ്യൂണോഗ്ലോബുലിനും ഇവിടെ സ്റ്റേക്കുണ്ട്. സൗജന്യവുമാണ്