സമൂഹത്തെ പിന്നോട്ടടിക്കുന്നവരെ തുറന്നു കാട്ടണം: മുഖ്യമന്ത്രി
തൃശൂർ: സമൂഹത്തെ പിന്നോട്ടടിക്കുന്നവരെ തുറന്നുകാട്ടാൻ സാഹിത്യ സാംസ്‌കാരിക നായകർക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് സാംസ്‌കാരിക വകുപ്പ് തൃശൂരിൽ സംഘടിപ്പിച്ച കലാ സാംസ്‌കാരിക പ്രവർത്തകരുമായുള്ള സംവാദപരിപാടി 'പരസ്‌പര"ത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ സമൂഹത്തെ ഒരുക്കുന്നതിൽ സന്യാസി ശ്രേഷ്ഠർക്ക് വലിയ പങ്കുണ്ട്. ഇക്കാര്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ പങ്ക് എടുത്തുപറയേണ്ടതാണ്. നാടിന്റെ വികസനം മാത്രമല്ല നവകേരളം കൊണ്ടുദ്ദേശിക്കുന്നത്. ഭേദചിന്തയില്ലാത്ത മനുഷ്യരെക്കൂടി സൃഷ്ടിക്കുന്നതാകണം നവകേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനായിരുന്നു.
മന്ത്രിമാരായ കെ. രാജൻ, ഡോ. ആർ. ബിന്ദു, രാമചന്ദ്രൻ കടന്നപ്പള്ളി, കെ. രാധാകൃഷ്ണൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, മേയർ എം.കെ. വർഗീസ്, എം.എൽ.എമാരായ പി. ബാലചന്ദ്രൻ, എ.സി. മൊയ്‌തീൻ, മുരളി പെരുനെല്ലി, സംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ പങ്കെടുത്തു.