കെ.എസ്.ഡി.പി മരുന്ന് ഷോപ്പും; 70% വിലക്കുറവ്, മെഡിമാർട്ട് ആലപ്പുഴയിൽ തുറന്നു
സംസ്ഥാനമൊട്ടാകെ വരും
കൊച്ചി: മരുന്നുകൾക്ക് 70 ശതമാനം വരെ വിലക്കുറവുള്ള റീട്ടെയിൽ ഷോപ്പ് തുറന്ന് കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് (കെ.എസ്.ഡി.പി). 'മെഡിമാർട്ട് " എന്നാണ് പേര്. ആലപ്പുഴ കലവൂരിലെ ആസ്ഥാന മന്ദിരത്തിൽ ആദ്യ ഔട്ട്ലെറ്റ് ഏപ്രിൽ എട്ടിന് തുറന്നു. ഒന്നര മാസം കൊണ്ട് വിറ്റത് 25 ലക്ഷം രൂപയുടെ മരുന്ന്.
സ്വന്തം മരുന്നുകൾക്കാണ് 70 ശതമാനം വരെ വിലക്കുവ്. മറ്റ് കമ്പനികളുടേതിന് 15 ശതമാനം വരെയാണ്. പാരാസെറ്റമോൾ, മെറ്റ്‌ഫോർമിൻ, അംലോഡിപിൻ, അസിത്രോമൈസിൻ, അമോക്‌സിസിലിൻ എന്നിവയക്ക് 70 ശതമാനം വിലക്കുറവുണ്ട്.
നീതി മെഡിക്കൽ സ്റ്റോറുകളുടെ മാതൃകയിലാണ് പ്രവർത്തനം. കോട്ടയം, വൈക്കം, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ ഷോപ്പുകൾ ഉടൻ ആരംഭിക്കും. മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ എന്നിവിടങ്ങളിലും റീട്ടെയിൽ ഷോപ്പ് തുറക്കും. സർജിക്കൽ ഉപകരണങ്ങളും വിലകുറച്ച് വിൽക്കും.
ഹോം ഡെലിവറി അഞ്ച് കിലോമീറ്റർ ചുറ്റളവിൽ സൗജന്യമായി ഹോം ഡെലിവറിയുണ്ട്. ഫാർമസിയുടെ വാട്സ് ആപ്പ് നമ്പറിലേക്ക് ഡോക്ടറുടെ കുറുപ്പടി, മരുന്ന് ആവശ്യമുള്ളയാളിന്റെ നമ്പർ എന്നി അയച്ചാൽ എത്തിച്ചുനൽകും. വാട്സാപ്പ് നമ്പർ: 8089330170
ഓങ്കോളജി ഫാർമ
പാർക്ക് വരുന്നു
ക്യാൻസർ മരുന്നുകൾ ഉത്പാദിപ്പിക്കുന്ന ഓങ്കോളജി ഫാർമ പാർക്കാണ് കെ.എസ്.ഡി.പിയുടെ അടുത്ത ലക്ഷ്യം. 231 കോടി ചെലവിലാണ് മൂന്ന് നില മന്ദിരത്തിൽ പാർക്ക് വരുന്നത്. കെ.എസ്.ഡി.പിക്ക് പുറമേ മറ്റ് വിദഗ്‌ദ്ധസംരംഭകർക്കും ഇവിടെ മരുന്ന് ഉത്പാദനത്തിന് അവസരം നൽകും.
മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംസ്ഥാനമൊട്ടുക്ക് ഔട്ട്‌ലെറ്റുകൾ തുടങ്ങി സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ മരുന്ന് നൽകും ഇ.എ. സുബ്രഹ്മണ്യൻ എം.ഡി, കെ.എസ്.ഡി.പി