അബാൻ മേൽപ്പാലം : സർവീസ് റോഡ് നിർമ്മാണത്തി​ലേക്ക്

Tuesday 20 May 2025 12:19 AM IST

പത്തനംതിട്ട : അബാൻ മേൽപ്പാലത്തിന്റെ സർവീസ് റോഡ് നിർമ്മാണത്തി​ന് മുന്നോടി​യായി​ സംരക്ഷണ ഭിത്തി ഉടൻ കെട്ടും. ഇതി​നായി​ ജെ.സി.ബി ഉപയോഗിച്ച് മണ്ണുനീക്കം ചെയ്യുന്ന പണി​കൾ തുടങ്ങി​. നഗരസഭ ബസ് സ്റ്റാൻഡിന് മുമ്പിലുള്ള റോഡിലെ നാൽപ്പത് മീറ്റർ സർവീസ് റോഡിന്റെ സംരക്ഷണ ഭിത്തികെട്ടാനുള്ള പണി​കളാണ് നടക്കുന്നത്.

മേൽപ്പാലത്തിന്റെ 49 ശതമാനം നിർമ്മാണമാണ് ഇതുവരെ പൂർത്തീകരിച്ചത്. ആകെയുള്ള 20 സ്പാനുകളിൽ 9 എണ്ണം പൂർത്തിയായി. 10,11 സ്പാനുകളുടെ നിർമ്മാണം നടക്കുകയാണ്. 92 പൈലുകളിൽ 84 എണ്ണം നി​ർമ്മി​ച്ചു. 21 ഉടമകൾ സ്വമേധയാ മുൻകൂറായി സ്ഥലം വിട്ട് നൽകിയിട്ടുണ്ട്.

2021 ഡിസംബറിൽ ആണ് മേൽപ്പാല നിർമ്മാണം ആരംഭിക്കുന്നത്. 46.8 കോടി രൂപയുടെ കിഫ്ബി പദ്ധതിയാണിത്. ഇതുവരെ 16 കോടിയുടെ നിർമ്മാണം മാത്രമേ നടന്നിട്ടുള്ളു. 18 മാസമായിരുന്നു നിർമ്മാണ കാലാവധി.

ജില്ലാ ആസ്ഥാനത്തെ ആദ്യ മേൽപ്പാലമാണിത്.

മേൽപ്പാലം

പദ്ധതി ചെലവ് : 46.8 കോടി

നീളം : 611 മീറ്റർ, വീതി : 12 മീറ്റർ

ഇരുവശങ്ങളിലുമായി 90 മീറ്റർ നീളമുള്ള അപ്രോച്ച് റോഡുകൾ.

പാലത്തിന് താഴെ ഇരുവശത്തുമായി 5.5 മീറ്റർ വീതിയിൽ

ബി.എം ആൻഡ് ബി.സി നിലവാരത്തിൽ സർവീസ് റോഡുകൾ.