എന്റെ കേരളം മേള : 'അമ്മ അറിയാതെ' നാടകം ശ്രദ്ധേയമായി

Tuesday 20 May 2025 12:20 AM IST

പത്തനംതിട്ട : സാമൂഹിക വിപത്തുകൾക്കെതിരെ പ്രതിരോധ ശബ്ദമായി എക്‌സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ നാടകം. ശബരിമല ഇടത്താവളത്തിൽ നടക്കുന്ന 'എന്റെ കേരളം' മേളയിലാണ് ലഹരിക്കെതിരെ 'അമ്മ അറിയാതെ', 'കൗമാരം' എന്നീ നാടകം അരങ്ങേറിയത്. മഹാകവി ഇടശേരിയുടെ പൂതപ്പാട്ടിനെ ആസ്പദമാക്കി ഹരിഹരൻ ഉണ്ണിയുടെ സംവിധാനത്തിലാണ് 'അമ്മ അറിയാതെ' അണിയിച്ചൊരുക്കിയത്. നാളെയുടെ പ്രതീക്ഷയാകേണ്ട പുതുതലമുറ ലഹരിക്കടിമപ്പെട്ട് വഴിതെറ്റുന്ന കഥയാണ് നാടകം പങ്കുവച്ചത്. വ്യക്തിയെയും സമൂഹത്തെയും ഒരുപോലെ തകർക്കുന്ന ലഹരിയുടെ വഴിയെ സഞ്ചരിക്കരുതെന്ന സന്ദേശം നാടകത്തിലൂടെ പകരുന്നു. ജീവിതത്തിൽ ലഹരി വസ്തുവിന്റെ സാന്നിദ്ധ്യം ദുരന്തമാകുന്ന ദൃശ്യാവിഷ്‌കാരമായിരുന്നു വേദിയിൽ അവതരിപ്പിച്ചത്. കിടങ്ങന്നൂർ എസ്.വി.ബി. എച്ച്.എസിലെ വിദ്യാർത്ഥികളാണ് നാടകത്തിൽ അഭിനയിച്ചത്. ഡെപ്യൂട്ടി എക്‌സൈസ് കമ്മി​ഷണർ കെ.ആർ.അജയകുമാർ നാടകം ഫ്ളാഗ് ഓഫ് ചെയ്തു.

എസ്.മധു രചനയും സംവിധാനവും ചെയ്ത കാക്കാരിശ്ശി നാടകം 'കൗമാരം' ലഹരിയുടെ പിടിയിൽ നിന്ന് യുവത്വത്തെ മോചിപ്പിക്കുന്നതിനുള്ള ബോധവൽക്കരണം നൽകി. ഫ്ളാഷ് മോബും വേദിയിൽ അരങ്ങേറി.