പ്രണയം നടിച്ച് വിളിച്ചുവരുത്തി യുവാവിന്റെ മാല കവർന്നു, യുവതിയും ഭർത്താവും സുഹൃത്തും അറസ്റ്റിൽ

Tuesday 20 May 2025 4:22 AM IST

തുറവൂർ: പ്രണയം നടിച്ച് യുവാവിനെ രാത്രിയിൽ വിളിച്ചുവരുത്തി സ്വർണമാലയും മൊബൈൽ ഫോണും കവർന്നു. യുവതിയും ഭർത്താവും സുഹൃത്തും പൊലീസ് പിടിയിലായി. എഴുപുന്ന പഞ്ചായത്ത് 12-ാം വാർഡ് എരമല്ലൂർ ചാപ്രകളം വീട്ടിൽ എം.നിധിൻ (26), ഭാര്യ എസ്.അനാമിക (25), നിധിന്റെ സുഹൃത്ത് പാണാവള്ളി പഞ്ചായത്ത് 12-ാം വാർഡ് പൂച്ചാക്കൽ കണിയാംവെളി വീട്ടിൽ കെ.ജി.സുനിൽ കുമാർ (49) എന്നിവരെയാണ് കുത്തിയതോട് സി.ഐ. എം.അജയ് മോഹന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

36കാരനായ തൈക്കാട്ടുശേരി സ്വദേശിയുടെ ഒന്നരപ്പവന്റെ മാലയും മൊബൈൽ ഫോണുമാണ് ഇവർ കവർന്നത്. എറണാകുളം ജനറൽ ആശുപത്രിയിൽ വച്ച് പരിചയപ്പെട്ട യുവാവിനെ അനാമിക പ്രണയം നടിച്ച് വശത്താക്കുകയും കഴിഞ്ഞ 17ന് രാത്രി 8.30ഓടെ ചമ്മനാട് അയ്യപ്പക്ഷേത്രത്തിനു സമീപം വിളിച്ചു വരുത്തുകയുമായിരുന്നു. ഇവിടെ വച്ച് ദേഹോപദ്രവം ഏൽപ്പിച്ച ശേഷം യുവാവിന്റെ സ്വർണമാലയും മൊബൈൽ ഫോണുമായി പ്രതികൾ കടന്നു. പിറ്റേദിവസം മാല ചേർത്തലയിലെ ഒരു ജൂവലറിയിൽ വിറ്റതായി പ്രതികൾ സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.