ശബരിമല നട അടച്ചു
Tuesday 20 May 2025 12:56 AM IST
ശബരിമല: ഇടവമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട അടച്ചു. ഇന്നലെ പുലർച്ചെ 5ന് മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരി നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടത്തി. കിഴക്കേ മണ്ഡപത്തിൽ നടന്ന ഗണപതിഹോമത്തിന് ശേഷം പതിവ് പൂജകൾ ആരംഭിച്ചു. ഉഷഃപൂജയ്ക്കു ശേഷം തന്ത്രി കണ്ഠരര് രാജീവര്, മകൻ കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമ്മികത്വത്തിൽ സഹസ്രകലശാഭിഷേകം നടത്തി. പൂജുകൾ പൂർത്തിയാക്കിയ ശേഷം ദേവനെ ഭസ്മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയുമണിയിച്ച് യോഗനിദ്രയിലാക്കി. രാത്രി 10ന് നട അടച്ചു. മിഥുനമാസ പൂജകൾക്കായി ജൂൺ 14ന് വൈകിട്ട് 4ന് നടതുറക്കും.