സഹോദരിമാരുടെ മരണം സമഗ്രമായി അന്വേഷിക്കണം

Tuesday 20 May 2025 12:46 AM IST

കൊല്ലം: മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങൾ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം നൽകണമെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. ചികിത്സ നൽകുന്നതിൽ ഗുരുതരമായ വീഴ്ചയും അനാസ്ഥയുമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരിൽ നിന്ന് ഉണ്ടായിട്ടുള്ളത്. ഏപ്രിൽ മാസം 23 നാണ് അമ്പാടിയെ എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂട്ടിരിക്കാനെത്തിയ മീനാക്ഷി, നീതു എന്നിവരാണ് മരിച്ചത്. തീവ്രപരിചരണം ആവശ്യമുണ്ടായിരുന്ന കുട്ടികൾക്ക് കിടക്കാൻ കിടക്കപോലും നൽകാതിരുന്നത് അതീവ ഗൗരവകരമാണ്. മാതാപിതാക്കളുടെ സങ്കടം സർക്കാർ കണക്കിലെടുക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.എൽ.എം.നിസാമുദ്ദീൻ, ഫൈസൽ കുളപ്പാടം, ആർ.എസ്.പി നേതാക്കളായ ഷമീർ അലിയാർ കുട്ടി, ഡി.സി.സി അംഗം ജയചന്ദ്രൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുധീർ എന്നിവരും ഒപ്പമുണ്ടായിരുന്നു.