ബിരിയാണിക്ക് സലാഡ് നൽകിയില്ല; കൂട്ടയടി

Tuesday 20 May 2025 1:00 AM IST

 നാലുപേരുടെ തലയ്ക്ക് പരിക്ക്

കൊല്ലം: വിവാഹ സത്കാരത്തിന് ശേഷം കാറ്ററിംഗ് തൊഴിലാളികൾ തമ്മിൽ ബിരിയാണിക്കൊപ്പം സലാഡ് നൽകാത്തതിനെ ചൊല്ലി ഏറ്റുമുട്ടി. നാലുപേരുടെ തലയ്ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് തട്ടാമല പിണയ്ക്കൽ ഭാഗത്തെ ഒരു ഓഡിറ്റോറിയത്തിലായിരുന്നു സംഭവം.

വിവാഹത്തിൽ പങ്കെടുത്തവർക്കെല്ലാം ബിരിയാണി വിളമ്പിയ ശേഷം കാറ്ററിംഗ് തൊഴിലാളികൾ ആഹാരം കഴിക്കാനായി തയ്യാറെടുത്തു. ഇവർ പരസ്പരം തന്നെയാണ് ബിരിയാണി വിളമ്പിയത്. എന്നാൽ ചില കാറ്ററിംഗ് തൊഴിലാളികൾക്ക് സലാഡ് കിട്ടിയില്ല. ഇതോടെ പരസ്പരമുണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

യുവാക്കൾ ഭക്ഷണം വിളമ്പിയ പാത്രങ്ങൾ ഉപയോഗിച്ചാണ് പരസ്പരം ഏറ്റുമുട്ടിയത്. ദമ്പതികളുടെ ബന്ധുക്കൾ ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. പരിക്കേറ്റവർ കൂട്ടിക്കടയിലെ സ്വകാര്യ ആശുപ്രതിയിൽ ചികിത്സ തേടി. സംഘർഷത്തിൽ ഏർപ്പെട്ട ഇരു കൂട്ടരും ഇരവിപുരം പൊലീസിൽ പരാതിയുമായെത്തി. ഇവരെ ഇന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കേസെടുക്കുമെന്ന് ഇരവിപുരം എസ്.എച്ച്.ഒ ആർ.രാജീവ് പറഞ്ഞു.