മസ്റ്റർ ചെയ്യാനാകുന്നില്ല: സാമൂഹ്യ പെൻഷൻ നഷ്ടമായി നൂറുകണക്കിന് പേർ
കൊല്ലം: സേവന പോർട്ടലിന്റെ തകരാർ കാരണം മസ്റ്റർ ചെയ്യാനാകാതെ ജില്ലയിൽ നൂറുകണക്കിന് പേർക്ക് ഈമാസം അനുവദിച്ച സാമൂഹ്യക്ഷേമ പെൻഷനും നഷ്ടമായി. എല്ലാ മാസവും 1 മുതൽ 20 വരെയാണ് മസ്റ്ററിംഗ് അനുവദിച്ചിട്ടുള്ളത്. എന്നാൽ ഈ സമയപരിധിയിലെ ഒട്ടുമിക്ക ദിവസങ്ങളിലും സേവന പോർട്ടൽ കട്ടപ്പുറത്താണ്.
വാർഷിക മസ്റ്ററിംഗ് സമയത്ത് മസ്റ്റർ ചെയ്യാൻ കഴിയാത്തവർക്കാണ് എല്ലാമാസവും പ്രത്യേക സമയം അനുവദിച്ചിട്ടുള്ളത്. മസ്റ്റർ ചെയ്തവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് സർക്കാർ ക്ഷേമ പെൻഷൻ വിതരണത്തിനുള്ള തുക അനുവദിക്കുന്നത്. കഴിഞ്ഞമാസം സേവനം പോർട്ടൽ പണിമുടക്കിയതിനാൽ വലിയൊരു വിഭാഗമാളുകൾക്ക് മസ്റ്റർ ചെയ്യാനായില്ല. അതുകൊണ്ട് തന്നെ ഈമാസം സർക്കാർ അനുവദിച്ച മേയിലെ പെൻഷനും ഒരുമാസത്തെ കുടിശ്ശികയും ഇവർക്ക് ലഭിച്ചില്ല. പോർട്ടലിന്റെ തകരാർ ഇതുവരെ പരിഹരിച്ചിട്ടില്ലാത്തതിനാൽ ഇവർക്ക് അടുത്തമാസം അനുവദിക്കുന്ന പെൻഷനും ലഭിക്കില്ല. കുടിശ്ശിക സഹിതം രണ്ട് മാസത്തെ പെൻഷനാണ് കഴിഞ്ഞ രണ്ട് മാസങ്ങളിലായി സർക്കാർ അനുവദിക്കുന്നത്. ഈമാസം 20നുള്ളിൽ പോർട്ടലിന്റെ തകരാർ പരിഹരിച്ചില്ലെങ്കിൽ വലിയൊരുവിഭാഗം ഗുണഭോക്താക്കൾക്ക് ആകെ നാല് മാസത്തെ പെൻഷനാണ് നഷ്ടമാകുന്നത്.
സാമൂഹ്യപെൻഷന്റെ ഗുണഭോക്താക്കളിൽ വലിയൊരു വിഭാഗം ഏറെ പ്രായമേറിയവരാണ്. പോർട്ടലിന്റെ തകരാർ പരിഹരിച്ച് കാണുമെന്ന പ്രതീക്ഷയിൽ ഓരോ ദിവസവും അക്ഷയ കേന്ദ്രങ്ങളിൽ എത്തുന്ന ഇവർ നിരാശരായി മടങ്ങുകയാണ്.
സാമൂഹ്യ പെൻഷൻ സ്കീം, ജില്ലയിലെ ആകെ ഗുണഭോക്താക്കൾ, മസ്റ്റർ ചെയ്യാത്തവർ
കർഷക തൊഴിലാളി പെൻഷൻ- 16009, 542 ഇന്ദിരാ ഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ- 234180, 18711 ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെൻഷൻ -35929, 908 50 വയസ് കഴിഞ്ഞ അവിവാഹിത വനിതകൾക്കുള്ള പെൻഷൻ-2609, 79 ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെൻഷൻ സ്കീം- 121603, 4898
പോർട്ടൽ തകരാർ ഐ.ടി മിഷനെ അറിയിച്ചിട്ടുണ്ട്. എത്രയും വേഗം പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷ.
അക്ഷയ ജില്ലാ ഓഫീസ് അധികൃതർ