ബിന്ദുവിന് ആശ്വാസം 'നീതിക്കായി പോരാടും, മക്കളെ പഠിപ്പിച്ച് ഉദ്യോഗസ്ഥരാക്കും'
നെടുമങ്ങാട് : വൈകിയെങ്കിലും തന്റെ നിരപരാധിത്വം ലോകമറിഞ്ഞതിലുള്ള ആശ്വാസത്തിലാണ് പനവൂർ ആട്ടുകാൽ പാമ്പാടി തോട്ടരികത്തു വീട്ടിൽ ബിന്ദു.
ഇഷ്ടദാനമായി ലഭിച്ച 6 സെന്റ് പുരയിടത്തിൽ ലൈഫ് പദ്ധതിപ്രകാരം അനുവദിച്ച വീട്ടിൽ താമസമാക്കിയിട്ട് ഒരു വർഷമായിട്ടേയുള്ളു. മഴപെയ്താൽ കരകവിയുന്ന തോട്ടിൻകരയിലെ കൊച്ചുവീട്ടിലെത്താൻ ഒരു നടവഴി പോലുമില്ല, അലമാരയോ,കട്ടിലോ മറ്റു സൗകര്യങ്ങളോയില്ല.
കൂലിപ്പണിക്കാരനാണ് ഭർത്താവ്. എല്ലാം അസ്തമിച്ചെന്നു കരുതിയിടത്ത് നിന്നാണ് ബിന്ദുവും കുടുംബവും ജീവിതത്തിലേയ്ക്ക് മടങ്ങിവരുന്നത്.
ജോലിക്കുനിന്ന വീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ചുവെന്ന വ്യാജപരാതിയിൽ പേരൂർക്കട പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്ത് രാത്രിയും പകലുമായി 21 മണിക്കൂർ തടങ്കലിൽവെച്ച് അപമാനിച്ചതിന്റെ നടുക്കത്തിൽ നിന്ന് ഈ നിർദ്ധന യുവതിയും കുടുംബവും മോചിതരായിട്ടില്ല. മൂത്തമകൾ പ്രവീണ തൊളിക്കോട് ഗവ.എച്ച്.എസ്.എസിൽ രണ്ടാംവർഷ ബയോസയൻസ് വിദ്യാർത്ഥിയാണ്. ഹയർ സെക്കൻഡറി പരീക്ഷാഫലം 22ന് വരുന്നതും കാത്തിരിക്കുകയാണ്.
ആനാട് എസ്.എൻ.വി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ഇളയമകൾ ശാലിനി. പഠിക്കാൻ കഴിയുന്നിടത്തോളം മക്കളെ പഠിപ്പിക്കുക മാത്രമാണ് സ്വപ്നമെന്ന് ബിന്ദുവും ഭർത്താവ് പ്രദീപും പറയുന്നു.
'സർക്കാർ ഉദ്യോഗം നേടണം. ഇല്ലായ്മക്കാരെ അപമാനിക്കുന്ന അധികാര വർഗത്തിനിടയിൽ തിരുത്തൽ ശക്തികളായി ഞങ്ങളുടെ മക്കളുണ്ടാവും"-ബിന്ദുവിന്റെ വാക്കുകളിൽ ദൃഢനിശ്ചയം.
ഏഴു സഹോദരങ്ങൾക്ക് ഇളയവളാണ് ബിന്ദു. പത്താം ക്ലാസുവരെ പഠിച്ചു. പ്രദീപിന് കൂലിപ്പണിചെയ്ത് കിട്ടുന്ന തുച്ഛമായ വേതനം തികയാതെ വന്നപ്പോൾ ബിന്ദു സ്വയം ഇറങ്ങിത്തിരിച്ചതാണ് വീട്ടുവേലയ്ക്ക്.
ആ വീട്ടിൽ മൂന്നു ദിവസം മാത്രം
മൂന്നര വർഷമായി കുടപ്പനക്കുന്നിലെ ഒരു വീട്ടിൽ പണിയെടുത്തു.ഈയിടെയാണ് അമ്പലംമുക്കിലെ പത്തനംതിട്ട സ്വദേശിയുടെ വീട്ടിൽ ജോലിക്കെത്തിയത്. മൂന്നു ദിവസമേ അവിടെ ജോലിക്ക് പോയുള്ളൂ.പനവൂരിനിന്ന് പോയിവരാനുള്ള ബുദ്ധിമുട്ട് കാരണമാണ് അവിടത്തെ പണി മതിയാക്കിയത്.സൗകര്യപ്രദമായ മറ്റൊരു വീട്ടിൽ ജോലിക്ക് കയറിയതിനു പിറകെയാണ് മോഷണക്കേസിൽ ക്രൂരമായ പകപോക്കലിന് ഇരയായത്.
കട്ട് ജീവിക്കാൻ അറിയില്ല:
ബിന്ദുവിന്റെ ഭർത്താവ്
നന്നായിട്ടു വിയർപ്പൊഴുക്കി അദ്ധ്വാനിച്ചാണ് മക്കളെ പോറ്റുന്നതെന്നും അന്യന്റെ മുതൽ മോഷ്ടിച്ച് ജീവിക്കേണ്ട ഗതികേടില്ലെന്നും ബിന്ദുവിന്റെ ഭർത്താവ് പ്രദീപ് .സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. വീട്ടുടമസ്ഥയും പൊലീസുകാരും തമ്മിൽ നടന്ന സാമ്പത്തിക ഇടപാട് അന്വേഷിക്കണം. സ്വന്തമായി പള്ളിയും ആരാധനയും നടത്തുന്ന കുടുംബമാണ് ഓമന ഡാനിയേലിന്റേത്.പക്ഷെ,ദൈവത്തിന് നിരക്കാത്ത പ്രവൃത്തിയാണ് എന്റെ കുടുംബത്തോട് ചെയ്തത്. അതിന് കോടതിയിൽ മറുപടി പറയിക്കും.