ദളിത് സ്ത്രീയുടെ പരാതി അവഗണിച്ചില്ലെന്ന് പി.ശശി

Tuesday 20 May 2025 4:44 AM IST

തിരുവനന്തപുരം: പേരൂർക്കട പൊലീസ് കള്ളക്കേസിൽ കുടുക്കി പീഡിപ്പിച്ചെന്ന് ദളിത് സ്ത്രീ നൽകിയ പരാതി അവഗണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി. പരാതി ഗൗരവമായെടുത്താണ് നടപടിയെടുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടത്. മാേഷണ പരാതി നൽകിയ സ്ത്രീകൾക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ കോടതിയെ സമീപിക്കാൻ ഉപദേശിക്കുകയായിരുന്നു. അവ‌ർക്കെതിരേ കേസെടുക്കണമെങ്കിൽ പ്രത്യേകം പരാതി നൽകുകയോ കോടതിയെ സമീപിക്കുകയോ വേണം. അതാണ് പറഞ്ഞതെന്നും ശശി മാദ്ധ്യമങ്ങളോട് പറഞ്ഞു.

പരാതിയുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയപ്പോൾ പി.ശശി പരാതി വാങ്ങി മേശപ്പുറത്തേക്കിട്ടെന്നും വായിച്ചുനോക്കാൻ പോലും തയ്യാറായില്ലെന്നുമാണ് ബിന്ദു ആരോപിച്ചത്. വീട്ടുകാർ പരാതി നൽകിയാൽ പൊലീസ് വിളിപ്പിക്കുമെന്നും അതിന് ഇവിടെ പരാതിപ്പെട്ടിട്ട് കാര്യമില്ലെന്നും പറഞ്ഞു. പരാതിയുണ്ടെങ്കിൽ കോടതിയിൽ പോകാൻ ആവശ്യപ്പെട്ടു. അഭിഭാഷകനൊപ്പമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ പോയതെന്നും കാര്യങ്ങൾ വിശദമായികേൾക്കാൻ അദ്ദേഹം തയ്യാറായില്ലെന്നും ബിന്ദു ആരോപിച്ചു.