ഉത്തരവാദിത്ത ടൂറിസത്തിന് ആറു കോടി അനുവദിച്ചു

Tuesday 20 May 2025 4:48 AM IST

തിരുവനന്തപുരം: ഉത്തരവാദിത്ത ടൂറിസത്തിനായി സംസ്ഥാന സർക്കാർ 6.01 കോടി രൂപ അനുവദിച്ചു. പരിസ്ഥിതി സൗഹൃദ മാലിന്യ സംസ്‌കരണം, പരിശീലനം, ഹോംസ്റ്റേകളിൽ ബയോഗ്യാസ് പ്ലാന്റ്, കാർബൺ ന്യൂട്രൽ പാക്കേജുകൾ, പ്രചാരണം എന്നിവയ്ക്കാണ് പണമനുവദിച്ചതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വനിതാ ഹോംസ്റ്റേകൾക്ക് ബയോഗ്യാസ് പ്ലാന്റും, തിരഞ്ഞെടുത്ത യൂണിറ്റുകൾക്ക് മാലിന്യ സംസ്‌കരണ പ്ലാന്റും അനുവദിക്കും. കാർബൺ ന്യൂട്രൽ പാക്കേജുകൾക്കായി കയാക്കിംഗ് യൂണിറ്റുകൾക്ക് ധനസഹായം ലഭിക്കും.

പാരിസ്ഥിതിക പദ്ധതികൾക്ക് 50 ലക്ഷവും പരിശീലനത്തിനായി 75 ലക്ഷവും അനുവദിച്ചിട്ടുണ്ട്. ഡിജിറ്റൽ മാർക്കറ്റിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം, തദ്ദേശ സ്ഥാപന പ്രതിനിധികൾക്കുള്ള ബോധവത്കരണം എന്നിവയും ഇതിലുൾപ്പെടുന്നു. വിദ്യാർത്ഥികൾക്കായി പഠനയാത്രകളും ആദിവാസികൾക്ക് പ്രത്യേക പരിശീലനവും സംഘടിപ്പിക്കും. ആർ.ടി മിഷൻ സൊസൈറ്റി പരിശീലന കേന്ദ്രത്തിനും ഡിജിറ്റൽ പരിശീലന പരിപാടികൾക്കുമാണ് തുക ഉപയോഗിക്കുക.