റിട്ട. ഹൈക്കോടതി ജഡ്‌ജിക്ക് തുല്യപെൻഷന് അർഹത
Tuesday 20 May 2025 3:51 AM IST
ന്യൂഡൽഹി: വൺ റാങ്ക് വൺ പെൻഷൻ തത്വത്തിന്റെ അടിസ്ഥാനത്തിൽ റിട്ട. ഹൈക്കോടതി ജഡ്‌ജിമാർക്ക് തുല്യ പെൻഷന് അർഹതയുണ്ടെന്ന് സുപ്രീംകോടതി. എന്നാണ് ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ചതെന്ന് നോക്കേണ്ട. ജുഡീഷ്യൽ സർവീസിൽ നിന്നാണോ, അഭിഭാഷക വൃത്തിയിൽ നിന്നാണോ ഹൈക്കോടതി ജഡ്‌ജി പദവിയിലേക്ക് എത്തിയത് എന്നതും നോക്കേണ്ടതില്ല.
എല്ലാ വർഷവും 15 ലക്ഷം ഫുൾ പെൻഷൻ റിട്ട. ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കേന്ദ്രസർക്കാർ നൽകണം. പ്രതിവർഷം 13.50 ലക്ഷം റിട്ട. ഹൈക്കോടതി ജഡ്‌ജിക്കും നൽകണം. അഡീഷണൽ ജഡ്‌ജിയെന്നോ, സ്ഥിരം ജഡ്‌ജിയെന്നോ വേർതിരിവ് കാണിക്കരുത്. പെൻഷൻ നൽകുന്നതിലെ വേർതിരിവ് മൗലികാവകാശ ലംഘനമാകുമെന്നും ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.