തമിഴ്നാട്ടിൽ വാഹനാപകടം; മൂന്നാർ സ്വദേശികളായ ദമ്പതികളും മകളും മരിച്ചു
Tuesday 20 May 2025 12:58 PM IST
ചെന്നൈ: തമിഴ്നാട് തിരുപ്പൂർ കങ്കയത്ത് വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. മൂന്നാർ സ്വദേശികളായ നിക്സൺ, ഭാര്യ ജാനകി, മൂത്ത മകൾ ഹെമി മിത്ര എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മറ്റൊരു മകൾ ഗുരുതരാവസ്ഥയിലാണ്. മൂന്നാർ ഗൂഡാർവിള എസ്റ്റേറ്റിലെ താമസക്കാരാണ് അപകടത്തിൽപ്പെട്ടത്.
തമിഴ്നാട്ടിലെ ബന്ധുവീട്ടിൽ നിന്ന് മൂന്നാറിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. നിക്സണായിരുന്നു കാറോടിച്ചിരുന്നത്. നിയന്ത്രണം വിട്ട കാർ ഒരു മരത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ കാർ പൂർണമായും തകർന്നു.