 കുർബാനത്തർക്കം തീരുന്നില്ല രണ്ടായി പിരിയാമെന്ന് അൽമായ മുന്നേറ്റം

Wednesday 21 May 2025 12:07 AM IST

കൊച്ചി: കുർബാനത്തർക്കം പരിഹരിക്കാൻ സിറോ മലബാർ സഭാനേതൃത്വത്തിന് കഴിയാത്തതിനൽ എറണാകുളംഅങ്കമാലി അതിരൂപതയെ രണ്ടായി പിളർത്താമെന്ന നിർദ്ദേശവുമായി ജനാഭിമുഖ കുർബാന അനുകൂലികളായ അൽമായ മുന്നേറ്റം രംഗത്ത്. സിനഡ് അനുകൂലികളെ പ്രത്യേക വിഭാഗമായി പരിഗണിച്ച് ജനാഭിമുഖ കുർബാനയ്ക്ക് ബിഷപ്പുമാർ അംഗീകാരം നൽകണം.

കുർബാനത്തർക്കം നീട്ടിക്കൊണ്ടുപോയി സംഘർഷം തുടരുന്നത് സഭയ്ക്കും സമൂഹത്തിനും നല്ലതല്ല. വിശ്വാസികളെയും വൈദികരെയും അവരുടെ അവകാശങ്ങൾ സംരക്ഷിച്ച് ഉൾക്കൊള്ളാൻ സാധിക്കുന്നില്ലെങ്കിൽ, പരസ്പരം ചർച്ച ചെയ്ത് പിരിയാനുള്ള സമയമായി. ബിഷപ്പുമാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.

ജനാഭിമുഖ കുർബാനയിൽ വിട്ടുവീഴ്ചയില്ലെന്നും താത്കാലിക പരിഹാരങ്ങൾ കൊണ്ട് പ്രശ്‌നം തീർക്കാനാവില്ലെന്നും അൽമായ മുന്നേറ്റം വ്യക്തമാക്കി. എറണാകുളത്തിന്റെ പൈതൃകവും പാരമ്പര്യവും പ്രത്യേക സാഹചര്യങ്ങളും പരിഗണിച്ച് ജനാഭിമുഖ കുർബാന അനുവദിക്കാൻ ബിഷപ്പുമാർ തയ്യാറാകണം. എറണാകുളത്തെ വൈദികരുടെയും വിശ്വാസികളുടെയും ജനാഭിമുഖ കുർബാനയോടുള്ള ആഭിമുഖ്യം സിറോ മലബാർ സിനഡ് രൂപീകരിക്കുന്നതിന് മുൻപ് ആരംഭിച്ചതാണെന്ന് അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു.

ആത്മീയ ആവശ്യങ്ങൾ അനുവദിക്കണം എറണാകുളം അതിരൂപതക്കുള്ളിലെ സിനഡ് അനുകൂലികളെ അതിരൂപതയിലെ പ്രത്യേക വിഭാഗമായി പരിഗണിക്കണം. അവരെ അനുകൂലിക്കുന്ന 14 വൈദികർക്ക് ആത്മീയ ആവശ്യങ്ങൾ നടത്തിക്കൊടുക്കാൻ അനുവാദം നൽകണം. അതിരൂപതയുടെ ഇടവക, ഫൊറോന, അതിരൂപത തലങ്ങളിലെ ഉത്തരവാദിത്തങ്ങളിൽ നിന്ന് അവരെ ഒഴിവാക്കണമെന്നും അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു. തീരുമാനങ്ങൾ താമസിപ്പിക്കരുതെന്നും രണ്ടായി പിരിയാതെ വേറെ വഴിയില്ലെന്നും അൽമായ മുന്നേറ്റം കൂട്ടിച്ചേർത്തു.