കെ.ആർ. ഭാസ്കരൻ പിള്ള അന്തരിച്ചു

Wednesday 21 May 2025 4:18 AM IST

എടക്കര: പാലേമാട് വിവേകാനന്ദ പഠനകേന്ദ്രം കാര്യദർശി കെ.ആർ. ഭാസ്‌കരൻ പിള്ള(87) അന്തരിച്ചു. മലബാറിലെ വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങൾക്ക് തിരികൊളുത്തിയ വ്യക്തിത്വമായിരുന്നു. സാമൂഹിക, ജീവകാരുണ്യ മേഖലയിലും നിറസാന്നിദ്ധ്യമായിരുന്നു.

1938ൽ പത്തനംതിട്ട തിരുവല്ല പുല്ലാട് തെക്കേകൂറ്റ് പുതുപറമ്പിൽ കാലയിൽ വീട്ടിൽ ഇടയാറ്റ് രാമൻ നായരുടെയും ലക്ഷ്മിയമ്മയുടെയും മൂന്നാമത്തെ മകനായാണ് ജനനം. 1964ൽ പാലേമാട് പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1967ൽ പ്രധാനാദ്ധ്യാപകനായി. 1969ൽ സ്‌കൂൾ വിലയ്ക്ക് വാങ്ങി. അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലമായി സ്‌കൂൾ പടിപടിയായി വളർന്ന് മലബാറിലെ തന്നെ മികച്ച സ്ഥാപനമായി. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ബാച്ചുകളുള്ള ഹയർസെക്കൻഡറി വിഭാഗം ഇവിടെയാണ്. ബിരുദ കോളേജ്, ബി.എഡ്, എം.എഡ്, ടി.ടി.സി സെന്ററുകൾ തുടങ്ങിയവയും ഇവിടെയുണ്ട്.

എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം, മഞ്ചേരി താലൂക്ക് യൂണിയൻ പ്രസിഡന്റ്, എൻ.ഡി.പി കിടങ്ങൂർ വിഭാഗം ചെയർമാൻ, എൻ.എസ്.എസ് സംരക്ഷണ സമിതി ട്രഷറർ, സമസ്ത നായർ സമാജം പ്രസിഡന്റ്, മലബാർ നായർ സമാജം രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഗ്ലോബൽ എൻ.എസ്.എസ് രക്ഷാധികാരിയും എക്സിക്യൂട്ടീവ് അംഗവുമാണ്.

ഭാര്യ: സുമതിക്കുട്ടി അമ്മ. മക്കൾ: പരേതനായ അഡ്വ. സനൽ ബി. കുമാർ, അനിൽ ബി. കുമാർ. മരുമക്കൾ: സിന്ധു (ക്ലാർക്ക്,​ ശ്രീവിവേകാനന്ദ), ശ്രീലേഖ(അദ്ധ്യാപിക,​ ശ്രീവിവേകാനന്ദ). സംസ്‌കാരം ഇന്നുരാവിലെ 10ന് പാലേമാട് നടക്കും.

കെ.ആർ. ഭാസ്‌കരൻ പിള്ളയുടെ നിര്യാണത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അനുശോചിച്ചു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിക്ക് വേണ്ടിയും ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടിയും എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പുഷ്പചക്രം അർപ്പിച്ചു.