ബി.എൽ.എസിന്റെ ലാഭത്തിൽ വൻകുതിപ്പ്

Wednesday 21 May 2025 1:20 AM IST

കൊച്ചി. വിസ, കോൺസുലർ, ഡിജിറ്റൽ സേവന രംഗത്ത് പ്രമുഖരായ ബി.എൽ.എസ് ഇന്റർനാഷണൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എക്കാലത്തേയും മികച്ച വരുമാന നേട്ടം കൈവരിച്ചു. വർഷാന്ത്യ ഫലങ്ങളിലും നാലാം പാദത്തിലും അറ്റാദായത്തിൽ വൻ വർദ്ധന രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ വരുമാനം 2,193.3 കോടി രൂപയാണ്. മുൻവർഷത്തേക്കാൾ വരുമാനത്തിൽ 30.8 ശതമാനം വളർച്ചയുണ്ടായി. ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ നികുതിക്ക് ശേഷമുള്ള ലാഭം മുൻ വർഷത്തേക്കാൾ 58.7 ശതമാനം വളർന്ന് 17.3 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം 539.6 കോടി രൂപയിലേക്ക് കുതിച്ചുയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷമിത് 325.6 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനി എക്കാലത്തേയും വലിയ സാമ്പത്തിക നേട്ടം കൈവരിച്ചതിൽ അതിയായ ചാരിതാർത്ഥ്യമുണ്ടെന്ന് ബി.എൽ.എസ് ഇന്റർ നാഷണൽ സർവീസസ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ശിഖർ അഗർവാൾ പറഞ്ഞു.