റബർ വില മുകളിലേക്ക്

Wednesday 21 May 2025 12:24 AM IST

കോട്ടയം: വ്യാപാര തീരുവയിൽ അമേരിക്കയും ചൈനയും താത്‌കാലിക ധാരണയിലെത്തിയതോടെ രാജ്യാന്തര റബർ വിപണിയിൽ നേരിയ ഉണർവുണ്ടായി. ജപ്പാൻ , സിംഗപ്പൂർ, ചൈനീസ് റബർ വിലകൾ ഉയർന്നതിന്റെ പ്രതിഫലനം ആഭ്യന്തര വിപണിയിലും ദൃശ്യമായി. കിലോയ്‌ക്ക് രണ്ട് രൂപയുടെ വർദ്ധനയാണുണ്ടായത്. വേനൽ മഴയ്ക്കൊപ്പം കാലവർഷത്തിന്റെ മുന്നൊരുക്കങ്ങളും വില ഉയർത്തിയതോടെ ടയർ നിർമ്മാതാക്കൾ കളത്തിലിറങ്ങി. വില ഉയരും മുമ്പ് അവർ ശേഖരം വർദ്ധിപ്പിച്ചു. റബർ ബോർഡ് വില ആർ.എസ്.എസ് ഫോർ 196.50 രൂപയിലും .വ്യാപാര വില 188,50 രൂപയിലുമെത്തി .

###

കുരുമുളക് വിലയിലും ഉണർവ്

ഏറെ ആഴ്ചകളായി തളർച്ചയിലായിരുന്ന കുരുമുളക് വിപണിയും ഉണർവ്വിന്റെ പാതയിലെത്തി. മൂന്നാഴ്ചക്കുള്ളിൽ കിലോയ്‌ക്ക് 39 രൂപ വരെ ഇടിഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച കിലോയ്‌ക്ക് നാലു രൂപയാണ് കൂടിയത്. വിപണിയിൽ കുരുമുളക് വരവ് കുറഞ്ഞതാണ് കാരണം. വിലയും ഗുണനിലവാരവും കുറഞ്ഞ വിദേശ കുരുമുളക് വിപണിയിൽ എത്തിയതാണ് ഇന്ത്യൻ മുളകിന് സമ്മർദ്ദം സൃഷ്‌ടിച്ചത്. ഗുണനിലവാരമുള്ള ഹൈറേഞ്ച് കുരുമുളകിനെ ഇത് ബാധിച്ചെങ്കിലും കർഷകരും സ്റ്റോക്കിസ്റ്റുകളും വിപണിയിൽ നിന്ന് വിട്ടുനിന്നു

ഓഫ് സീസണായതോടെ വില കൂടുമെന്ന പ്രതീക്ഷയാണുള്ളത്. കേരളത്തിൽ വിളവെടുപ്പ് കഴിഞ്ഞെങ്കിലും ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും വിളവെടുപ്പ് കാലമെത്തി. ശ്രീലങ്കയിലും മറ്റ് ഉത്പാദക രാജ്യങ്ങളിലും അടുത്തമാസം വിളവെടുപ്പ് തുടങ്ങും.

കയറ്റുമതി വില

###

ഇന്ത്യൻ കുരുമുളക് ടണ്ണിന് -8400 ഡോളർ

ബ്രസീൽ- 6900 ഡോളർ

വിയറ്റ്നാം- 7100 ഡോളർ

ശ്രീലങ്ക -7100 ഡോളർ

ഇന്തോനേഷ്യ -7600 ഡോളർ