എൻ.എച്ച് 66ലെ തകർച്ച: ഡിസൈനിലും എക്സിക്യൂഷനിലും ഉണ്ടായ ജാഗ്രതക്കുറവ്

Wednesday 21 May 2025 1:58 AM IST

മലപ്പുറം കൂരിയാടി ഭാഗത്തെ ദേശീയപാതയിൽ കഴിഞ്ഞ ദിവസം റോഡ് ഇടിഞ്ഞുതാഴ്ന്ന ഭാഗത്ത് എന്താണ് സംഭവിച്ചത്?ഹാബിറ്റാറ്റ് ഗ്രൂപ്പ് സ്ഥാപകൻ ആർക്കിടെക്ട് ജി.ശങ്കറിന്റെ അനുമാനങ്ങൾ.

കഴിഞ്ഞ ദിവസം ദേശീയപാത ഇടിഞ്ഞുതാഴ്ന്ന മലപ്പുറം കൂരിയാടി ഭാഗത്ത് ചരിവുള്ള ഭൂമിയിലാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. ഒരുഭാഗം താഴ്ചയും മറുഭാഗം ഉയരവും. ഭൂമിയെ മണ്ണിട്ട് നികത്തി നിരപ്പാക്കിയാണ് നിർമ്മാണം. വളരെ ഉയരത്തിൽ റീട്ടെയിനിംഗ് വാൾ നിർമ്മിച്ച്, അതിൽ മണ്ണിട്ട് നികത്തി, അതിനുമുകളിലാണ് റോഡ്. കനത്ത മഴയിൽ വലിയ അളവിലുള്ള വെള്ളം റോഡിലൂടെ ഈ റീട്ടെയിനിംഗ് വാളിനുള്ളിലേക്ക് പ്രവഹിക്കും. വാളിനുള്ളിലെ മണ്ണും വെള്ളവും കൂടിയാകുമ്പോൾ ക്രമാതീതമായി ഭാരം വർദ്ധിക്കും. ഈ ഭാരം താങ്ങാനാകാതെ റീട്ടെയിനിംഗ് വാളിന് സ്ഥാനഭ്രംശം ഉണ്ടായതാകാം റോഡ് ഇടിയാനുണ്ടായ ഒരു കാരണം. വേണ്ടത്ര ബലത്തിലാണോ വാൾ നിർമ്മിച്ചിരിക്കുന്നതെന്നാണ് ആദ്യം പരിശോധിക്കേണ്ടത്.

രണ്ടാമതായി റീട്ടെയിനിംഗ് വാളിലേക്ക് മണ്ണ് നിറച്ചപ്പോൾ ജാഗ്രതക്കുറവുണ്ടായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിലേക്ക് മണ്ണ് നിറയ്ക്കാൻ പ്രത്യേക രീതിയുണ്ട്. തട്ടുകളായി തിരിച്ചാണ് മണ്ണ് നിറയ്ക്കേണ്ടത്. ഓരോ തട്ടിലും മണ്ണ് ബലമായി ഉറപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. റോഡ് റോളറുകൾ

ഉൾപ്പെടെ ഉപയോഗിച്ചാണ് ഇത് ചെയ്യേണ്ടത്. ഇവിടെ ഇത്തരത്തിലാണോ മണ്ണ് നിറച്ചിരിക്കുന്നതെന്ന് പരിശോധിക്കണം. മണ്ണ് ശരിയായി രീതിയിൽ ഉറപ്പിച്ചിട്ടില്ല എന്നാണ് മനസിലാക്കുന്നത്. ഡിസൈനിന്റെയും എക്സിക്യുഷന്റെയും ഭാഗത്ത് നിന്നുണ്ടായ ജാഗ്രതക്കുറവാണ് ഇതിനു കാരണം.

ഓരോയിടത്തും ഭൂമിയുടെ രീതിശാസ്ത്രം അനുസരിച്ചാണ് റോഡുകൾ നിർമ്മിക്കേണ്ടത്. അത് കൃത്യമായി പരിപാലിക്കപ്പെടാത്തതിനാലാണ് ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നത്. കൂരിയാടി ഭാഗത്തെ ഒരുഭാഗം ഉയരത്തിലും മറുഭാഗത്ത് താഴ്ചയുമുള്ള ഈ പാതയുടെ ഇരുഭാഗങ്ങളും സംരക്ഷിക്കേണ്ടതുണ്ട്. മണ്ണിടിയാതെയും ഒലിച്ചുപോകാതെയും വേണം നിർമ്മാണം നടത്താൻ. വലിയ ഭാരം താങ്ങാനാകുന്ന നല്ല ദൃഢതയുള്ള റീട്ടെയിനിംഗ് വാളാണ് ആവശ്യം.