ഷഹബാസ് വധം: പ്രതികളുടെ പരീക്ഷാഫലം തടഞ്ഞതിൽ സർക്കാരിന് വിമ‌‌ർശനം

Wednesday 21 May 2025 12:03 AM IST

കൊച്ചി: കോഴിക്കോട് താമരശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ സഹപാഠികളുടെ എസ്.എസ്.എൽ.സി പരീക്ഷാഫലം തടഞ്ഞുവച്ചതിൽ സ‌ർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. പരീക്ഷയെഴുതാൻ അനുവദിച്ചശേഷം റിസൾട്ട് തടഞ്ഞത് എന്ത് അധികാരത്തിലാണെന്ന് കോടതി ചോദിച്ചു. പ്രതിചേർക്കപ്പെട്ട 6 വിദ്യാർത്ഥികളുടെ ജാമ്യഹർജികൾ പരിഗണിക്കവേയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ പരാമ‌ർശം.

കുറ്റകൃത്യവും പരീക്ഷയും തമ്മിൽ ബന്ധമില്ലെന്ന് വ്യക്തമാക്കിയ കോടതി, ഫലം പ്രസിദ്ധീകരിക്കാൻ ബാലാവകാശ കമ്മിഷന്റെ നിർദ്ദേശം ഉണ്ടല്ലോയെന്നും ചോദിച്ചു. ക്രിമിനൽ നിയമ സംവിധാനം ലക്ഷ്യമിടുന്നത് പരിവർത്തനമാണ്. ഒരു കുട്ടി കുറ്റകൃത്യം ചെയ്‌തെന്ന പേരിൽ പരീക്ഷ എഴുതുന്നതിൽനിന്നു വിലക്കാനാവുമോ? ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ ഉത്തരവാദികളാകും.

ജാമ്യഹർജിയായതിനാൽ പരീക്ഷാഫലത്തിന്റെ കാര്യത്തിൽ ഇടപെടാനാകില്ല. കക്ഷികൾക്ക് ഇതിനായി ബന്ധപ്പെട്ട കോടതികളെ സമീപിക്കാമെന്നും സിംഗിൾബെഞ്ച് പറഞ്ഞു. ജാമ്യഹർജികൾ ഇന്ന് 3.30ന് പരിഗണിക്കാൻ മാറ്റി. കേസ് ഡയറി ഹാജരാക്കാനും നിർദ്ദേശിച്ചു.

വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷഹബാസ് ഫെബ്രുവരി 28നാണ് മരിച്ചത്. ഹർജിക്കാർ വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിൽ കഴിയുകയാണ്. ഇവർക്ക് ഹയർസെക്കൻഡറി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നലെയായിരുന്നു.