യോഗം തിരഞ്ഞെടുപ്പ്: അപ്പീലുകൾ അന്തിമ വാദത്തിന് മാറ്റി

Wednesday 21 May 2025 1:14 AM IST

കൊച്ചി: എസ്.എൻ.ഡി.പി യോഗം ഭരണസമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അപ്പീലുകൾ അന്തിമ വാദത്തിനായി ഹൈക്കോടതി ജൂലായ് 7ലേക്ക് മാറ്റി. യോഗം തിരഞ്ഞെടുപ്പു നടപടികൾ തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവും അതുവരെ നീട്ടി. എസ്.എൻ.ഡി.പി യോഗം ഉൾപ്പെടെ സമർപ്പിച്ച നാല് അപ്പീലുകളിലും ഒരുമിച്ചു വാദം കേൾക്കുമെന്ന് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധ‌ർമ്മാധികാരി, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

എസ്.എൻ.ഡി.പി യോഗം ബൈലായിൽ പ്രാതിനിധ്യ വോട്ടവകാശം വ്യവസ്ഥ ചെയ്യുന്ന 'ക്ലോസ് 44" നേരത്തേ സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. കേന്ദ്ര കമ്പനികാര്യ നിയമത്തിന് വിരുദ്ധമെന്ന് വിലയിരുത്തിയായിരുന്നു ഉത്തരവ്. എല്ലാ അംഗങ്ങൾക്കും വോട്ടവകാശമുണ്ടെന്നും വിധിച്ചു. സിംഗിൾ ബെഞ്ചിന്റെ ഈ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് യോഗം ഉൾപ്പെടെ അപ്പീലുകൾ ഫയൽ ചെയ്തത്. കമ്പനികാര്യ വകുപ്പിന് വേണ്ടി കേന്ദ്രസർക്കാർ വിശദീകരണത്തിന് സമയം തേടിയതടക്കം കണക്കിലെടുത്താണ് അപ്പീലുകൾ മാറ്റിയത്.