വനിതകളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലീസ്, ബിന്ദുവിന് നഷ്ടപരിഹാരം നൽകേണ്ടി വരും
തിരുവനന്തപുരം: സ്ത്രീകളെ ചോദ്യം ചെയ്യുന്നതും മൊഴിയെടുക്കുന്നതും അവരുടെ താമസസ്ഥലത്തോ സൗകര്യപ്രദമായ ഇടത്തോ ആയിരിക്കണമെന്ന ഡി.ജി.പിയുടെ സർക്കുലർ മറികടന്ന് പൊലീസ്. പേരൂർക്കട സ്റ്റേഷനിൽ ദളിത് യുവതി ബിന്ദുവിനെ 21 മണിക്കൂർ വെള്ളം പോലും കൊടുക്കാതെ കസ്റ്റഡിയിൽ വച്ചതും ഇത് ലംഘിച്ചാണ്. ലോക്നാഥ്ബെഹ്റ ഡി.ജി.പിയായിരിക്കുമ്പോഴാണ് സർക്കുലർ ഇറക്കിയത്.
ജോലിക്കു നിന്ന വീട്ടിലെ 18 ഗ്രാം മാല കാണാതായെന്ന പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താതെ ബിന്ദുവിനെ കസ്റ്റഡിയിൽ വച്ചതിന് പൊലീസും സർക്കാരും നഷ്ടപരിഹാരം നൽകേണ്ടിവരും. ആറ്റിങ്ങലിൽ എട്ടുവയസുകാരിയെ നടുറോഡിൽ വിചാരണ ചെയ്ത പൊലീസിന് ഹൈക്കോടതി ഒന്നരലക്ഷം നഷ്ടപരിഹാരം വിധിച്ചിരുന്നു. പൊലീസിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബിന്ദു പറഞ്ഞു.
സ്റ്റേഷനിലെത്തുന്നവരുടെ അന്തസ് പൊലീസ് മാനിക്കണമെന്നും പൗരന്റെ അന്തസ് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
പൊലീസിനെ മനുഷ്യാവകാശം പഠിപ്പിക്കണം
പൊലീസുകാർക്ക് മനുഷ്യാവകാശത്തെക്കുറിച്ച് ക്ലാസ് നൽകണമെന്ന് ആഭ്യന്തരമന്ത്രാലയം നിർദ്ദേശിച്ചിരുന്നു.
കസ്റ്റഡിയിൽ മാനസിക, ശാരീരിക പീഡനമരുത്. ജാമ്യമില്ലാവകുപ്പുള്ള ഗുരുതരകുറ്റകൃത്യങ്ങളിലേ വിലങ്ങുവയ്ക്കാവൂ.
കസ്റ്റഡിയിലിരിക്കെ വൈദ്യസഹായം ലഭ്യമാക്കണം, ഇത് പ്രതിയുടെ അവകാശമാണ്. ഭക്ഷണവും വെള്ളവും നൽകണം.
കുട്ടികളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കരുത്. പകരം വനിതാ പൊലീസ് മഫ്‌തിയിൽ കുട്ടിയുടെ വീട്ടിലെത്തണം.
'ഏത് സ്ത്രീക്കും വിശ്വസിക്കാവുന്ന രീതിയിൽ കയറിച്ചെല്ലാവുന്ന കേന്ദ്രമായി പൊലീസ് സ്റ്റേഷൻ മാറണം. പൊലീസ് മാറേണ്ടത് ഉത്തരവിലൂടെയല്ല, സംസ്കാരത്തിലൂടെയല്ല".
(മുഖ്യമന്ത്രി പിണറായിവിജയൻ നേരത്തേ പറഞ്ഞത്)