ജസ്റ്റിസ് മോഹനൻ കമ്മിഷന്റെ കാലാവധി നീട്ടി

Wednesday 21 May 2025 1:17 AM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കേന്ദ്ര ഏജൻസികൾക്കെതിരെ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് വി.കെ.മോഹനൻ കമ്മിഷന്റെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. താനൂർ ബോട്ടപകടം അന്വേഷിക്കുന്നതും ജസ്റ്റിസ് മോഹനൻ കമ്മിഷനാണ്. ഇതിന്റെ കാലാവധിയും ആറുമാസം നീട്ടി.

സ്വർണക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ നിയമവിരുദ്ധമായ നടപടികൾ എടുത്തിട്ടുണ്ടോയെന്നാണ് മോഹനൻ കമ്മിഷൻ പരിശോധിക്കുന്നത്. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളുടെ പേരുപറയാൻ ഇ.ഡി നിർബന്ധിക്കുന്നെന്ന് പ്രതികളായ സ്വപ്നയും സന്ദീപ് നായരും വെളിപ്പെടുത്തിയതിനെ തുടർന്നാണ് കമ്മിഷനെ നിയോഗിച്ചത്.

ജുഡിഷ്യൽ കമ്മിഷൻ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. പിന്നീട് സർക്കാർ നൽകിയ ഹർജിയിൽ സ്റ്റേ നീക്കി. തുടർന്ന് ഇ.ഡി സുപ്രീംകോടതിയിൽ നിന്ന് സ്റ്റേ വാങ്ങി. ഇത് നിലനിൽക്കവേയാണ് കമ്മിഷന്റെ കാലാവധി വീണ്ടും നീട്ടിയത്.